അർജന്റീന ടീം വരുമെന്നാണ് ഇപ്പോഴും പ്രതീക്ഷ; ചിലർ ഇ മെയിൽ അയച്ച് മുടക്കാൻ ശ്രമിച്ചു: മന്ത്രി

abdurahman

അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിൽ കളിക്കാൻ വരുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷയെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അതിനായി ഇപ്പോഴും ശ്രമം തുടരുകയാണ്. അർജന്റീന കേരളത്തിലേക്ക് വരുന്നതിനുള്ള വാതിലുകൾ പൂർണമായും അടഞ്ഞിട്ടില്ല. കലൂർ സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫിഫ അനുമതികൾ വൈകിയതാണ് അർജന്റീന ടീമിന്റെ നവംബറിലെ വരവ് തടസ്സപ്പെടാൻ കാരണമായതെന്നും മന്ത്രി പറഞ്ഞു. 

സ്റ്റേഡിയം നവീകരണം നിശ്ചിത സമയത്ത് പൂർത്തിയാക്കും എന്ന് കരുതിയാണ് അർജന്റിനയുടെ കേരള സന്ദർശനത്തിന്റെ തീയതികൾ പ്രഖ്യാപിച്ചത്. അർജന്റീന നവംബറിൽ വന്നില്ലെങ്കിൽ മറ്റൊരിക്കൽ വരും. നമ്മുടെ നാട്ടിലെ ചിലർ ഇ മെയിൽ അയച്ച് അർജന്റീനയുടെ വരവ് മടുക്കാൻ നോക്കിയെന്നും മന്ത്രി ആരോപിച്ചു. 

അർജന്റീന ടീം ഇല്ലാതെ ലയണൽ മെസി മാത്രമായി കേരളത്തിലേക്ക് വരാൻ തയ്യാറാണ്. എന്നാൽ അത് വേണ്ടെന്നാണ് തീരുമാനമെന്നും അർജന്റീന ടീമായി തന്നെ വരണമെന്നാണ് സർക്കാർ ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി. അർജന്റീന ടീം നവംബറിൽ കേരളത്തിൽ എത്തില്ലെന്ന് നേരത്തെ സ്‌പോൺസർ വ്യക്തമാക്കിയിരുന്നു.
 

Tags

Share this story