മാനുഷിക പരിഗണന ഉണ്ടായില്ല; എന്തിനു വേണ്ടിയാണ് ഡോക്ടർമാരെ രക്ഷിക്കാൻ ശ്രമിക്കുന്നത്: വേണുവിന്റെ ഭാര്യ
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ കൊല്ലം പന്മന സ്വദേശി വേണു മരിച്ച സംഭവത്തിൽ ചികിത്സ നിഷേധം ഉണ്ടായെന്ന് ആവർത്തിച്ച് വേണുവിൻ്റെ ഭാര്യ സിന്ധു. അന്വേഷണത്തിന്റെ ഭാഗമായി ഒരാളും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് സിന്ധു പറഞ്ഞു. വേണു പറഞ്ഞ പോലെ നായ്ക്കളെ കാണുന്നതുപോലെയാണ് സർക്കാർ തങ്ങളെ കാണുന്നത്. എന്തേലും പറഞ്ഞിരുന്നുവെങ്കിൽ എവിടെയെങ്കിലും കൊണ്ടുപോയി രക്ഷപ്പെടുത്തിയേനെയെന്നും സിന്ധു പറഞ്ഞു.
ആകെയുള്ള കൂട്ടാണ് നഷ്ടപ്പെട്ടത്. മാനുഷിക പരിഗണന കാണിക്കാമായിരുന്നു അതും ഉണ്ടായില്ലെന്നും എന്തിനു വേണ്ടിയാണ് ഡോക്ടർമാരെ രക്ഷിക്കാൻ ശ്രമിക്കുന്നതെന്നും സിന്ധു ചോദിക്കുന്നു. ക്രിയാറ്റിൻ കൂടുതലാണെന്ന് പറഞ്ഞിട്ടില്ല. അവിടെ ഉണ്ടായിരുന്ന കൂട്ടിരിപ്പുകാരിൽ നിന്ന് വിവരങ്ങൾ തേടണം. അപ്പോൾ അറിയാം സത്യാവസ്ഥയെന്ന് സിന്ധു പറഞ്ഞു.
ഒരു ജീവൻ വെച്ചാണ് അവർ കളിച്ചത്. ഞാനും ഭർത്താവും നേരിട അനുഭവമാണ് പറഞ്ഞത്. ആൻജിയോഗ്രാം കൊല്ലത്ത് ഇല്ലാത്തതിനാലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്ന് സിന്ധു പറഞ്ഞു. അസുഖം മാറാനാണോ കൂടാനാണോ മരുന്ന് നൽകിയതെന്ന് മനസിലാകുന്നില്ല. വ്യക്തമായ ഒരു കാര്യങ്ങളും ആശുപത്രിയിൽ നിന്ന് അറിയിച്ചിട്ടില്ലെന്ന് സിന്ധു പറയുന്നു. ആൻജിയോഗ്രാം ചെയ്യാമെന്ന് പറഞ്ഞതല്ലാതെ ചെയ്തിട്ടില്ല. മരുന്ന് കൊടുത്തിട്ടും കുറഞ്ഞില്ല. മരിച്ച സമയത്തും തന്നെ വേണുവിനെ കാണിച്ചില്ലെന്ന് സിന്ധു പറഞ്ഞു.
അന്വേഷണ റിപ്പോർട്ട് ഡോക്ടർമാരെ സഹായിക്കുന്നതാണ്. ഇതിന്റെ സത്യാവസ്ഥ അറിയണം. ഡോക്ടർമാരെ ന്യായീകരിച്ചിട്ട് കാര്യമില്ലെന്ന് സിന്ധു പറഞ്ഞു. എന്തിന് വേണ്ടിയാണ് ഡോക്ടർമാരെ ഇങ്ങനെ പിന്തുണക്കുന്നത്. ഇങ്ങനെ പിന്തുണക്കുന്നതുകൊണ്ട് നാളെ വേറെയും രോഗികൾ കൊല്ലപ്പെടുമെന്ന് സിന്ധു കൂട്ടിച്ചേർത്തു.
