അവരെല്ലാം എന്‍റെ കുഞ്ഞനുജത്തിമാർ; സന്ന്യാസ സദ്യശ ജീവിതം നയിക്കുന്ന എന്നെ സ്ത്രീലമ്പടനാക്കി: ചെറിയാൻ ഫിലിപ്പ്

Bindhu Cheriyan

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ദിര ഭവന് മുന്നിൽ വച്ച് ബിന്ദു കൃഷ്ണ‍‌യെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് രംഗത്ത്. വിജയാഹ്ലാദത്തിൽ പരിസരം ബോധം മറന്ന് താൻ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും സ്നേഹത്തോടെ ആലിംഗനം ചെയ്യുകയായിരുന്നു. അതിൽ തന്‍റെ ഭാഗത്തു നിന്ന് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

"പിതൃനിർ‌വിശേഷമായ സ്നേഹപ്രകടനമാണ് ഞാൻ നടത്തിയതെന്ന് മഹിക കോൺഗ്രസ് പ്രസിഡന്‍റ് ജെബി മേത്തർ എംപി അന്നുതന്നെ പറഞ്ഞിരുന്നു. തന്‍റെ പെരുമാറ്റം ദുരുദ്ദേശത്തോടെയാണെന്ന് കരുതുന്നില്ലെന്ന് ബിന്ദു കൃഷ്ണയും സ്വഭാവികമായ നടപടിയെന്ന് ഷാനിമോൾ ഉസ്മാനും പറഞ്ഞിരുന്നു. ഇവരെയെല്ലാം എനിക്ക് വർഷങ്ങളായുള്ള പരിചയമുണ്ട്. ഇവരെല്ലാം എനിക്കെന്‍റെ കുഞ്ഞനുജത്തിമാരാണ്.

അര നൂറ്റാണ്ടുമുൻപ് രാഷ്ട്രീയ പീഡനത്തിൽ നട്ടെല്ലിനും സുഷുമ്നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടർന്ന് ക്രമേണ അരയ്ക്ക് താഴെ നാഡി വ്യവസ്ഥയിൽ പ്രശ്നങ്ങളുണ്ടായി. കാലുകളിലെ പേശികൾ‌ക്ക് തുടർച്ചയായ ചികിത്സ കൊണ്ടാണ് എഴുന്നേറ്റു നടക്കുന്നത്. ഒറ്റയാനായി സന്ന്യാസ സദൃശ ജീവിതം ന‍യിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി പല സമൂഹ്യമാധ്യമങ്ങളും ചിത്രീകരിച്ചത് വിഷമമുണ്ടാക്കി. ഉറക്കം നക്ഷ്ടപ്പെട്ടു. എന്നെ സമാധാനിപ്പിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത അഭ്യുദയകാംക്ഷികളോട് നന്ദി അറിയിക്കുന്നു' ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Tags

Share this story