അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു; ഞാൻ ശക്തനായതുകൊണ്ട് രക്ഷപ്പെട്ടു: നടൻ ദേവൻ
ഇലക്ഷൻ സമയത്ത് തനിക്ക് നേരിടേണ്ടി വന്ന ഒരു ആക്രമണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ദേവൻ. ഇലക്ഷൻ സമയത്ത് തനിക്ക് നേരെ ഒരു ആക്രമണമുണ്ടായിരുന്നു. അന്ന് രക്ഷപ്പെട്ടത് കളരി അറിയാവുന്നതു കൊണ്ടാണെന്നുമാണ് ദേവൻ പറയുന്നത്.
"വടക്കാഞ്ചേരിയിൽ വച്ചായിരുന്നു സംഭവം. അവർ എന്നെ വെട്ടാൻ വാളൊക്കെ എടുത്ത് വന്നിരുന്നു. രാത്രി ഒരു 12 മണിയൊക്കെ ആയിട്ടുണ്ട്. ഇലക്ഷൻ പ്രചരണം കഴിഞ്ഞതിന്‍റെ ക്ഷീണത്തിൽ ഞാൻ ഒറ്റയ്ക്ക് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. എന്‍റെ കൂടെയുള്ള പിള്ളേരോട് ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാമെന്ന് പറഞ്ഞു.
ആ യാത്രക്കിടെ ഞാൻ കാറിന്‍റെ മിററിൽ നോക്കുമ്പോൾ പിന്നിൽ രണ്ട് സ്കൂട്ടറിൽ നാല് പേര് ഫോളോ ചെയ്യുന്നത് കണ്ടു. ആദ്യം എനിക്ക് സംശയം ഒന്നും തോന്നിയില്ല. പിന്നെ എനിക്ക് ഫോളോ ചെയ്യുന്നതാണെന്ന് മനസിലായി. അപ്പോൾ ഞാൻ വണ്ടി നിർത്തി. അവരും നിർത്തി.
എന്നിട്ട് അവരിറങ്ങി. അപ്പോൾ ഞാൻ വാളുകൾ കണ്ടു. വാൾ എടുത്തിട്ട് അവർ എന്റെ അടുത്തേക്ക് വന്നു. എന്‍റെ കൈയിൽ ഒരു സ്റ്റിക്ക് ഉണ്ട്. അതെടുത്ത് ഞാനും വണ്ടിയിൽ നിന്നിറങ്ങി. അവർ അത് തീരെ പ്രതീക്ഷിച്ചില്ല. ഇയാൾ ഇങ്ങനെ ചെയ്യുമെന്ന്. റിയൽ ലൈഫിൽ ശക്തമായിട്ടുള്ള ആളുകളുണ്ടോയെന്ന് എനിക്ക് സംശയമാ, നടൻമാരിൽ. പക്ഷേ ഞാനങ്ങനെ ശക്തനായ ഒരാളാണ്.
അതായത് കളരിയെന്ന ശക്തി എന്‍റെ ഉള്ളിൽ ഉള്ളതു കൊണ്ടാ ഞാൻ സ്റ്റിക്ക് എടുത്ത് ഇറങ്ങിയത്. അതോടെ അവർ വണ്ടിയെടുത്ത് പോയി. ഞാൻ പിന്നെ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി. അവർ എന്‍റെ പരാതി എടുക്കാൻ തയ്യാറായില്ല. അത് എന്‍റെ എതിർ പാർട്ടിക്കാർ ചെയ്തതാണ്."- അഭിമുഖത്തിൽ ദേവൻ പറഞ്ഞു.
