അത് അവർക്കും അറിയാമായിരുന്നു: സുബിയുടെ മരണകാരണത്തെക്കുറിച്ച് ഡോക്ടർ

Subi

പ്രശസ്ത നടിയും അവതാരകയുമായിരുന്ന സുബി സുരേഷിന്റെ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് മലയാളി പ്രേക്ഷകര്‍. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില ചികിത്സയില്‍ കഴിയവെയായിരുന്നു സുബിയുടെ മരണം സംഭവിച്ചത്. 41കാരിയായ സുബിയുടെ വിവാഹം കാണാന്‍ മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കവെയായിരുന്നു പ്രിയ താരത്തിന്റെ അപ്രതീക്ഷിത വിയോഗം. 

ഇപ്പോൾ ഇതാ സുബിയെ ചികിത്സിച്ച ഡോ. സണ്ണി പി ഓരത്തേലിന്റെ വാക്കുകള്‍ ചർച്ചയാകുകയാണ്. സുബിയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയൊന്നും കാണാതെ വന്നതോടെ കരള്‍ മാറ്റിവെക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നാണ് ഡോ. സണ്ണി പറയുന്നത്. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിരുന്നു. ആദ്യം അവർക്ക് അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും പിന്നീട് അതാവാമെന്ന തീരുമാനം അവര്‍ എടുത്തിരുന്നു. ഡോണറെ കണ്ടെത്താൻ ആശുപത്രിയുടെ ഭാഗത്തുനിന്നും പൂർണസഹകരണമുണ്ടായിരുന്നുവെന്നും ഡോ. സണ്ണി പറഞ്ഞു. 

അവരുടെ തന്നെ അടുത്ത ബന്ധു കരള്‍ നല്‍കുന്നതിനായി മുന്നോട്ട് വന്നിരുന്നുവെന്ന് ഡോ. സണ്ണി പറഞ്ഞു. ഇതോടെ തുടർ നടപടികള്‍ വേഗത്തിലാക്കിയിരുന്നു. ഇന്‍സ്റ്റിറ്റിയൂഷന്‍ മെഡിക്കല്‍ ബോര്‍ഡ് കൂടി അവരുമായി സംസാരിച്ച് അത് സംസ്ഥാന ബോര്‍ഡിന് വിട്ടിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അതിനുള്ള എല്ലാ ക്രമങ്ങളും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി സുബിയുടെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. ആദ്യം വൃക്കയെ ചെറുതായി ബാധിച്ചെന്നും പിന്നീട് അത് ഹാര്‍ട്ടിനെയും ബാധിച്ചതോടെയാണ് കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചതെന്നും ഡോക്ടര്‍ വെളിപ്പെടുത്തി.

ആശുപത്രിയിലേയ്ക്ക് വരുമ്പോൾ തന്നെ സുബി ക്രിട്ടിക്കല്‍ കണ്ടീഷനിലായിരുന്നുവെന്നാണ് ഡോക്ടർ പറഞ്ഞത്. അത് സുബിക്കും അറിയാമായിരുന്നു. അക്യൂട്ടോ ക്രോണിക് ലിവര്‍ ഡിസീസ് ആവുമ്പോള്‍ ബാഹ്യമായ ലക്ഷണങ്ങളൊന്നും കാണിക്കില്ല. പരിശോധിക്കുമ്പോഴേ മനസിലാവൂ. പ്രതിരോധ ശക്തി കുറഞ്ഞ് പോവും. കരള്‍ മാറ്റിവെക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കാനിരിക്കെയായിരുന്നു സുബിയുടെ വിയോഗമെന്നും ഡോ. സണ്ണി കൂട്ടിച്ചേർത്തു.

Share this story