മൂന്നാമത്തെ ബലാത്സംഗപരാതി: കസ്റ്റഡിയിലെടുത്ത ഐ ഫോണിൻ്റെ പാസ്‌വേർഡ്‌ നൽകാതെ രാഹുൽ മാങ്കൂട്ടത്തിൽ

Rahul

പൊലീസ് അന്വേഷണവുമായി സഹകരിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ. മൂന്നാമത്തെ ബലാത്സം​ഗ പരാതിയിൽ കസ്റ്റഡിയിൽ എടുത്ത രാഹുൽ മാങ്കൂട്ടത്തിൽ പൊലീസിൻ്റെ ചോദ്യം ചെയ്യലുമായി സഹകരിക്കാൻ തയ്യാറാകുന്നില്ല. പൊലീസ് കസ്റ്റഡിയിൽ എടുത്ത ഐ ഫോണിൻ്റെ പാസ്‌വേർഡ്‌ നൽകാനും രാഹുൽ മാങ്കൂട്ടത്തിൽ തയ്യാറായിട്ടില്ല. ഇതിനിടെ രാഹുൽ താമസിച്ച പാലക്കാട്ടെ ഹോട്ടലിലെ മുറി പൊലീസ് സീൽ ചെയ്തു. മുറിയിൽ അന്വേഷണസംഘം വിശദ പരിശോധന നടത്തും.

രാത്രി 12.18നാണ് അന്വേഷണ സംഘം രാഹുൽ മാങ്കൂട്ടത്തിൽ താമസിച്ച കെപിഎം ഹോട്ടലിലേയ്ക്ക് എത്തുന്നത്. പിന്നീട് രാഹുലിൻ്റെ റൂമിലെത്തിയ പൊലീസ് സംഘം 12.30ന് രാഹുലുമായി പുറത്തേക്കിറങ്ങി. 12.32ന് പൊലീസ് വാഹനം രാഹുലുമായി ഹോട്ടലിന് പുറത്തേയ്ക്ക് പോകുകയായിരുന്നു. അന്വേഷണ സംഘം കെപിഎം ഹോട്ടലിലേയ്ക്ക് എത്തുന്നതിന്റെ അടക്കം രാഹുലിനെ കസ്റ്റഡിയിലെടുത്ത് പുറത്തേയ്ക്ക് കൊണ്ടുവരുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയത് ക്രൂരമായ ലൈംഗികാക്രമണമാണെന്ന മൊഴിയാണ് അതിജീവിത പൊലീസിന് നൽകിയിരിക്കുന്നത്. രാഹുൽ യുവതിയെ ക്രൂരമായ ലൈം​ഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ട്. ശരീരത്തിൽ പലയിടത്തും മുറിവുണ്ടാക്കി. അതിജീവിതയുടെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണി മുഴക്കുമെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

ബന്ധം വേർപെടാതിരിക്കാൻ കുഞ്ഞ് വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടുവെന്നും അതിജീവിത മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മറ്റാരുടെയെങ്കിലും ഗർഭമായിരിക്കുമെന്ന് പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ അധിക്ഷേപിച്ചു. അങ്ങനെയല്ലെന്ന് തെളിയിക്കാൻ ഭ്രൂണത്തിൻ്റെ ഡിഎൻഎ പരിശോധന നടത്താൻ ആവശ്യപ്പെട്ടെങ്കിലും രാഹുൽ തയ്യാറായില്ല. ഡിഎൻഎ സാമ്പിൾ എടുക്കാൻ മെഡിക്കൽ ഏജൻസി സമീപിച്ചെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ സാമ്പിൾ നൽകാൻ തയ്യാറായില്ലെന്നാണ് അതിജീവിത മൊഴി നൽകിയിരിക്കുന്നത്.

ആദ്യ കൂടിക്കാഴ്ചയിൽ തന്നെ രാഹുൽ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും അതിജീവിത മൊഴിയിൽ പറയുന്നു. 

വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാൽ വിവാഹം വളരെ വേഗത്തിൽ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്. നേരിൽ കാണാൻ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിർദേശിച്ച് റൂം ബുക്ക് ചെയ്യാൻ യുവതിയോട് ആവശ്യപ്പെട്ടു. റൂമിൽ എത്തിയ രാഹുൽ സംസാരിക്കാൻ പോലും നിൽക്കാതെ ശാരീരികമായി കടന്നാക്രമിച്ചു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നുമാണ് യുവതിയുടെ മൊഴി.

മൂന്നാമത്തെ ബലാത്സം​ഗക്കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിൽ എംഎൽഎയെ അർദ്ധരാത്രി പാലക്കാട് നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പാലക്കാട് നഗരത്തിലെ ഹോട്ടലിൽ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ എടുത്തത്. വനിത പൊലീസ് ഉൾപ്പെടേയുള്ള സംഘം രാഹുൽ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി 12 മണിയോടെ എത്തുകയായിരുന്നു. ഹോട്ടൽ ജീവനക്കാർക്കൊപ്പം മുറിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ എംഎൽഎയെ കസ്റ്റഡിയിലെടുത്ത്. പുതിയ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിൻറെ നടപടി. ലൈംഗിക പീഡനം, ഗർഭചിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് രാഹുലിനതിരെ കേസ് എടുത്തിരിക്കുന്നത്.

Tags

Share this story