തിരുവാഭരണ കമ്മീഷണറുടെ റിപ്പോർട്ടും നിയമപോരാട്ടവും: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പി.എസ്. പ്രശാന്തിന് ജാമ്യം
കൊച്ചി: ശബരമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവധിച്ചത്. പ്രശാന്തിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനം പ്രശാന്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജൂലൈ 23നാണ് ശബരിമലസ്വര്‍ണക്കൊള്ള കേസില്‍ പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2025ല്‍ ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്.
2025ല്‍ ദ്വാരപാലക വിഗ്രഹങ്ങള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത് 2019ല്‍ നടന്ന സ്വര്‍ണ അപഹരണം മറച്ചുവെയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തല്‍. ഈ നടപടിക്ക് ആവശ്യമായ ഭരണാനുമതികള്‍ നല്‍കുന്നതിലും ഫയല്‍ നടപടികളിലും അന്നത്തെ ദേവസ്വം ബോര്‍ഡ് നേതൃത്വത്തിന്റെ പങ്ക് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും എസ്ഐടി പറഞ്ഞിരുന്നു.
കേസില്‍ അറസ്റ്റിലായ അജികുമാറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസിന് പുറമേ ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലും പി എസ് പ്രശാന്തും അജികുമാറും പ്രതികളാണ്. മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങിയ ടെന്‍ഡറില്‍ ഉള്‍പ്പെടെ ഗുരുതര ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. മില്‍മയ്ക്ക് കരാര്‍ ലഭിക്കുന്നതിന് പ്രശാന്തിന്റെ നേതൃത്വത്തില്‍ വഴിവിട്ട ഇടപെടല്‍ നടന്നതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രശാന്തിനെയും അജികുമാറിനെയും പ്രതിചേര്‍ത്തത്.
