തിരുവനന്തപുരം ലോൺ ആപ്പ് തട്ടിപ്പ്: രാജ്യാന്തര ബന്ധം; പ്രധാനിയെ എത്തിച്ച് ചോദ്യം ചെയ്ത് പോലീസ്
തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവർത്തിച്ചിരുന്ന ലോൺ ആപ്പ് തട്ടിപ്പ് സംഘത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന നിർണായക വിവരവുമായി പോലീസ്. സംഘത്തിന്റെ മുഖ്യസൂത്രധാരനെന്ന് കണ്ടെത്തിയ ഗുജറാത്ത് സ്വദേശി റാണാ മഹേഷ് പാർത്ഥനെ അഹമ്മദാബാദിൽ നിന്ന് പിടികൂടി കഴക്കൂട്ടത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ ദിവസമാണ് കഴക്കൂട്ടം പോങ്ങുംമൂട്ടിൽ കോൾ സെന്ററെന്ന വ്യാജേന പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ നടത്തിയ സംയുക്ത പരിശോധനയിൽ സ്ത്രീകളുൾപ്പെടെ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. സൈബർ പോലീസും ശ്രീകാര്യം, മെഡിക്കൽ കോളേജ് സ്റ്റേഷനുകളും ചേർന്നായിരുന്നു പരിശോധന.
അമേരിക്കയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് ചോർന്ന വിവരങ്ങൾ ഉപയോഗിച്ചാണ് സംഘം ഇരകളെ കണ്ടെത്തിയിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. രാജ്യത്തിന് പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന ശൃംഖലയുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സമാന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അന്വേഷണസംഘം സംശയിക്കുന്നു.
ലോൺ ആപ്പുകളുടെ പേരിൽ ആളുകളെ വലയിലാക്കി പണം തട്ടിയെടുത്ത ശേഷം അത് ബിറ്റ്കോയിനാക്കി മാറ്റുന്നതായിരുന്നു സംഘത്തിന്റെ പ്രവർത്തനരീതി. കേസിൽ കൂടുതൽ പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും സമാന തട്ടിപ്പ് കേന്ദ്രങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു
