തിരുവനന്തപുരം മെട്രോ: നിർമാണ ചെലവ് 8000 കോടി, രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാക്കും
തിരുവനന്തപുരം മെട്രോ പദ്ധതിയുടെ നിർമാണം രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എംഡി ലോക്‌നാഥ് ബെഹ്‌റ. 8000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും ബെഹ്‌റ പറഞ്ഞു. അടുത്താഴ്ച തിരുവനന്തപുരത്ത് എത്തി കാര്യങ്ങൾ വിലയിരുത്തുമെന്നും കെഎംആർഎൽ എംഡി വ്യക്തമാക്കി
അലൈൻമെന്റ് മാറ്റമുള്ളത് കൊണ്ട് മുമ്പ് തയ്യാറാക്കിയ ഡിപിആറിൽ കുറച്ചു മാറ്റങ്ങൾ ആവശ്യമാണ്. അക്കാര്യം ഡൽഹി മെട്രോ റെയിൽ കോർപറേഷൻ എംഡിയുമായി സംസാരിച്ചു. ഒന്നര മാസത്തിനുള്ളിൽ അവർ ഡിപിആർ തയ്യാറാക്കി നൽകും. തുടർന്ന് മന്ത്രിസഭയുടെ അനുമതിക്ക് സമർപ്പിക്കും
ഇതിന് ശേഷം കേന്ദ്രാനുമതി വേണം. കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ച ശേഷമേ നിർമാണം ആരംഭിക്കാനാകൂ. ആറ് മാസം കൊണ്ട് ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി മെട്രോ മാതൃകയിൽ തന്നെ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. നിർമാണ ചെലവിന്റെ 20 ശതമാനം സംസ്ഥാനവും 20 ശതമാനം കേന്ദ്രവും വഹിക്കും. ബാക്കി 60 ശതമാനം വായ്പ എടുക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി
