തിരുവനന്തപുരം വഴുതക്കാട് വൻ തീപിടിത്തം

Fire

തിരുവനന്തപുരം: വഴുതക്കാട് ആകാശവാണി ഓഫിസിനു സമീപത്തെ അക്വേറിയം കടയിൽ വൻ തീപിടിത്തം. അക്വേറിയം കട പൂർണമായി കത്തിയമർന്നു. സമീപത്തെ മൂന്ന് വീടുകളിലേക്കും തീപടർന്നു. 4 യൂണിറ്റ് അഗ്നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കുന്നുണ്ട്. വലിയ പുകച്ചുരുളുകൾ പ്രദേശത്ത് നിറഞ്ഞു.

എംപി അപ്പൻ റോഡിൽ 30 വർഷമായി പ്രവർത്തിക്കുന്ന അക്വേറിയം കടയ്ക്കാണ് വൈകിട്ട് നാലു മണിയോടെയാണ് തീപിടിച്ചത്. ഇവിടെനിന്നാണ് നഗരത്തിലെ വിവിധ കടകളിലേക്ക് അക്വേറിയവും മീനും വിതരണം ചെയ്തിരുന്നത്. ഗോഡൗണിൽ അക്വേറിയം നിർമാണത്തിനാവശ്യമായ സാധന സാമഗ്രികൾ സൂക്ഷിച്ചിരുന്നു. ചില വെൽഡിങ് ജോലികൾ സ്ഥലത്ത് നടന്നിരുന്നതായി സൂചനയുണ്ട്. സംഭവം നടക്കുമ്പോൾ 5 ജീവനക്കാർ കടയിലുണ്ടായിരുന്നു. അവരെല്ലാം പുറത്തുചാടി രക്ഷപ്പെട്ടു.

കടയുടെ പിൻവശത്തെ ഷീറ്റിട്ടു മറച്ച സ്ഥലം തകർത്ത് അകത്തേക്ക് വെള്ളം ഒഴിച്ച് തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. ഫൈബറും ഗ്ലാസുമെല്ലാം കടയിലുണ്ടായിരുന്നു. കടയിലെ ജീവനക്കാരാണ് തീപിടിക്കുന്നതായി പറഞ്ഞതെന്ന് അയൽവാസി റംല പറഞ്ഞു. വീടിന്റെ ഷീറ്റിലേക്കു തീ പടർന്നെങ്കിലും അധികം കത്തിയില്ല. ഓട്ടോറിക്ഷയ്ക്കു പോകാൻ കഴിയുന്ന വീതിയേ വഴിക്കുള്ളൂ. ഡ്രൈനേജിന്റെ പണി നടക്കുന്നതിനാല്‍ ഫയർഫോഴ്സിനു വരാൻ പ്രയാസമുണ്ടായെന്നും റംല പറഞ്ഞു.

വലിയ പുകച്ചുരുളുകൾ ഉയർന്നതോടെ ആളുകൾ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ചെറിയ റോഡിലാണ് അക്വേറിയം കട സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്തെല്ലാം വീടുകളുണ്ട്. കനത്ത ചൂടായതിനാൽ തീ അടുത്തുള്ള വീടുകളിലേക്കും പടരുകയായിരുന്നു. റസിഡൻഷ്യൽ മേഖലയായതിനാൽ ഒട്ടേറെ വീടുകൾ പ്രദേശത്തുണ്ട്. ഫയർഫോഴ്സും പൊലീസും അടുത്തുള്ള വീട്ടുകാരെ ഒഴിപ്പിച്ചു. തീ മറ്റു വീടുകളിലേക്ക് പടരാതിരിക്കാൻ ഫയർഫോഴ്സ് മുൻകരുതലെടുത്തു.

പഴയ വീട്ടിനോട് ചേർന്നാണ് അക്വേറിയം പ്രവർത്തിച്ചിരുന്നത്. എങ്ങനെയാണ് തീ പടർന്നു പിടിച്ചതെന്ന് മനസ്സിലാക്കാനായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ആദ്യം ചവറുകത്തിക്കുന്നതു പോലെയാണ് തോന്നിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വളരെ പെട്ടെന്ന് കത്തിപ്പടരുകയായിരുന്നു. വീടിന്റെ ഓടുകളെല്ലാം കത്തിയമർന്നു. വർഷങ്ങളായി പ്രവർത്തിക്കുന്ന അക്വേറിയമാണെന്നും പ്ലാസ്റ്റിക്കും തെർമോക്കോളും കടയിൽ നിർമാണത്തിന്റെ ഭാഗമായി ഉണ്ടായിരുന്നതായും വഴുതക്കാട് കൗൺസിലർ രാഖി രവികുമാർ പറഞ്ഞു.

Share this story