തിരുവനന്തപുരത്തെ സംഘർഷം: സംസ്ഥാനവ്യാപക പ്രതിഷേധത്തിന് എസ് എഫ് ഐ
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിന് മുന്നിലുണ്ടായ സംഘർഷത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് എസ്എഫ്ഐ. ഇന്ന് പഠിപ്പു മുടക്കി പ്രതിഷേധിക്കും. സെക്രട്ടറിയേറ്റിലേക്കും പൊലീസ് ആസ്ഥാനങ്ങളിലേക്കും പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനം. പോലീസ് പ്രകോപനമില്ലാതെ മർദ്ദിച്ചു എന്ന എസ്എഫ്ഐ ആരോപിച്ചു. സിപിഐഎമ്മും പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം അഞ്ചര മണിക്ക് പ്രതിഷേധ സമരം നടത്തുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ് അറിയിച്ചു. വഎല്ലാ പ്രവർത്തകരോടും അണിനിരക്കാനും ജില്ലാ കമ്മിറ്റിയുടെ ആഹ്വാനം ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച നൈറ്റ് മാർച്ചിനിടെയാണ് സംഘർഷങ്ങൾക്ക് തുടക്കം. മാർച്ചിന് നേരെ കേരള യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ നിന്ന് കല്ലും ബിയർ കുപ്പികളും എറിഞ്ഞെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. എന്നാൽ, യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീപ്പന്തം എറിഞ്ഞെന്ന് എസ്എഫ്ഐയും ആരോപിച്ചു. ഹോസ്റ്റലിലേക്ക് തീപ്പന്തം വീണതോടെ ഹോസ്റ്റലിന് മുന്നിൽ ഇരു വിഭാഗവും സംഘർഷം പൊട്ടിപ്പുറപ്പെട്ടു.
തുടർന്ന് ഹോസ്റ്റലിന് അകത്ത് പ്രവേശിച്ച പൊലീസുകാർ വിദ്യാർഥികളെ ക്രൂരമായി തല്ലിച്ചതച്ചു. ലാത്തി വീശലിൽ നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. വിദ്യാർഥികളെ ഹോസ്റ്റലിൽ കയറി പൊലീസ് മർദിച്ചതിനെതിരെ സിപിഐഎം നേതാക്കളായ വി ശിവൻകുട്ടി, പികെ ശ്രീമതി, സിപിഐ നേതാവ് വി ജോയി എന്നിവർ യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിനു മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസിന്റെ അതിക്രമം കൃത്യമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എന്ന് കെ കെ ശൈലജ വിമർശിച്ചു.
