ഇത് അന്തിമ വിധിയല്ല; മേൽക്കോടതിയിൽ നീതിക്ക് വേണ്ടി പോരാടും: ബി സന്ധ്യ

sandhya

നടിയെ ആക്രമിച്ച കേസിൽ നടൻ ദീലീപ് അടക്കമുള്ള നാല് പ്രതികളെ വെറുതെവിട്ട സംഭവത്തിൽ പ്രതികരിച്ച് അന്വേഷണ സംഘം മുൻ മേധാവി ബി സന്ധ്യ. ഇത് അന്തിമ വിധിയല്ലെന്നും മേൽക്കോടതിയിൽ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും ബി സന്ധ്യ പറഞ്ഞു. ഗൂഢാലോചന എപ്പോഴും ഒരു വെല്ലുവിളിയാണെന്നും അവർ പ്രതികരിച്ചു

അന്വേഷണസംഘം മികച്ച ജോലിയാണ് ചെയ്തത്. അവർ അഭിനന്ദനം അർഹിക്കുന്നുണ്ട്. മാറിമാറി വന്ന പ്രോസിക്യൂട്ടർമാരും നല്ല ജോലി ചെയ്തിട്ടുണ്ട്. അന്തിമ വിധി വരുന്നതുവരെ അതിജീവിതക്കൊപ്പം അന്വേഷണ സംഘമുണ്ടാകും. ഒരുപാട് വെല്ലുവിളികൾ വിചാരണ വേളയിൽ നേരിട്ടിട്ടുണ്ട്. മേൽക്കോടതിയിൽ നീതിക്ക് വേണ്ടി അന്വേഷണ സംഘവും പ്രോസിക്യൂഷനും പോരാടുമെന്നും ബി സന്ധ്യ പറഞ്ഞു

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പ്രതികളെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ആറ് പ്രതികളുടെ ശിക്ഷാ വിധി ഈ മാസം 12ന് വിധിക്കും. കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികളുടെയും ജാമ്യം റദ്ദാക്കിയിട്ടുണ്ട്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് കുറ്റക്കാരായി കണ്ടെത്തിയത്. അതേസമയം കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു

ഒന്നാം പ്രതി പൾസർ സുനിയെന്ന എൻഎസ് സുനിൽ, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി മണികണ്ഠൻ, നാലാം പ്രതി വിപി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ചാർളി തോമസ്, സനിൽ കുമാർ, ദീലീപ്, ശരത് ജി നായർ എന്നീ പ്രതികളെയാണ് കോടതി വെറുതെവിട്ടത്‌
 

Tags

Share this story