നിലനിൽപ്പിനായുള്ള പോരാട്ടമാണിത് -ജുനൈദ് കൈപ്പാണി: അഭിമുഖം

Keral

18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  
ജനതാദൾ എസ് അഖിലേന്ത്യാ സെക്രട്ടറി ജുനൈദ് കൈപ്പാണിയുമായി  നടത്തിയ അഭിമുഖം..

♦️" ഇന്ത്യസഖ്യം അധികാരത്തിലേക്ക് " ഇങ്ങനെയൊരു ടൈറ്റിൽ ജൂൺ ആദ്യവാരം മതേതര വിശ്വാസികൾക്ക് പ്രതീക്ഷിക്കാമോ?

നിലവിലെ കണക്കുകൾ അത്തരം ഒരു ശുഭ പ്രതീക്ഷിയിലേക്കാണ് നമ്മളെ കൊണ്ട്പോകുന്നത്.
ഇന്ത്യയിലെ 
കോൺഗ്രസ്സും ഇടതുപാർട്ടികളും സോഷ്യലിസ്റ്റ്  പ്രസ്ഥാനങ്ങളും ഒരുമിച്ചു കൈകോർത്താൽ സാധ്യമാകുന്ന കാര്യം മാത്രമാണത്.

♦️2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് എത്രത്തോളം നിർണായകമാണ്?

സ്വതന്ത്ര ഭാരതം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും പ്രസക്തവും അതി നിർണായകവുമായിട്ടുള്ള  തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. കാരണം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ സമസ്‌ത മേഖലകളും ഫാസിസ്റ്റ് ശക്തികൾ കയ്യടക്കി കഴിഞ്ഞിരിക്കുന്ന ഒരു സാഹചര്യവും കാലഘട്ടവുമാണിത്.  ജനതയുടെ സംസ്കാരത്തിലും ജീവിതത്തിലും കടന്നുകയറ്റം നടത്തി ഫാസിസം അഴിഞ്ഞാടുന്ന ഒരു ഇന്ത്യയിലാണ് നാം ജീവിക്കുന്നത്. ഇന്ത്യയിലെ മതേതര ജനാധിപത്യ മൂല്യങ്ങളെല്ലാം തച്ചുതകർക്കപ്പെട്ടു. അത്തരമൊരു കാലഘട്ടത്തിൽ നടക്കുന്ന ഈ തിരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തെ സംബന്ധിച്ച് അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്നതും നിർണായകവുമാണ്.

♦️ജനതാദൾ എസിന്റെ പുതിയ രാഷ്ട്രീയ സാഹചര്യത്തിലെ നിലപാട് ?

ജനാധിപത്യ-
മതേതര മനസ്സുകൾ രാജ്യത്തുടനീളം ഉയർത്തുന്ന രാഷ്ട്രീയം തന്നെയാണ് ജനതാദൾ എസും ഉയർത്തിപിടിക്കുന്നത്.  ജനപക്ഷ രാഷ്ട്രീയമാണ് ഞങ്ങളുടേത്. വിലക്കയറ്റം, തൊഴിലില്ലായ്മ‌, സാമൂഹിക-സാംസ്കാരിക അതിക്രമങ്ങൾ, അതിന് കേന്ദ്ര സർക്കാർ നൽകുന്ന പിന്തുണ തുടങ്ങിയ വലിയ വിഷയങ്ങൾ നമുക്ക് മുന്നിലുണ്ട്. പിന്നോക്കക്കാരും സ്ത്രീകളും 
കർഷകരും തൊഴിലാളികളും വിദ്യാർഥികളുമെല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അവരെല്ലാം പലരീതിയിൽ ഈ സർക്കാരിനെതിരായ പോരാട്ടത്തിലാണ്. പാർലമെന്റിനെ ദുരുപയോഗം ചെയ്ത് കൊണ്ടുവന്ന കരിനിയമങ്ങൾ ജനങ്ങളെ വലിയ ദുരിതത്തിലേക്കാണ് തള്ളിവിടുന്നത്. അതിനെതിരായ രാഷ്ട്രീയ വിധിയെഴുത്താകും രാജ്യത്തുടനീളം ഇത്തവണ ഉണ്ടാകുക. ജനതാദൾ എസിന്റെ പ്രഖ്യാപിത നിലപാടുകളിൽ വെള്ളം ചേർക്കുവാൻ ശ്രമിക്കുകയും പാർട്ടിയിൽ നിന്നും വ്യതിചലിക്കുകയും മതേതര ചേരിക്ക് പുറത്ത് പോവുകയും  ചെയ്തവർക്കുള്ള ശക്തമായ തിരിച്ചടി ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. പ്രത്യേകിച്ച്‌  കർണാടകയിൽ ദേവഗൗഡദൾ പൂർണ്ണ പരാജയം ഏറ്റുവാങ്ങും.
കർണാടകയിലെ കുമാരസ്വാമിയുടെ ചുവടുമാറ്റം മതേതര വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തിനു വഴിവെച്ചു. ഇത്തവണ അത് അവർക്ക് വലിയ തിരിച്ചടി നൽകും.

♦️'ഇന്ത്യസഖ്യം' സാധ്യതയും പ്രയോഗവും ?

 നമ്മുടെ രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന വർഗീയ ഫാസിസ്റ്റ് ശക്തികളുടെ കടന്നാക്രമണവും ആധിപത്യവും ചെറുത്തുതോല്പിക്കുവാൻ നിലവിലെ രാഷ്ട്രീയ സാമൂഹിക പരിസ്ഥിതിയും സാഹചര്യവും  പരിഗണിച്ചുകൊണ്ട് മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് കക്ഷികൾ  ഒരുമിച്ചു നിൽക്കുകയും പരസ്പരം വിട്ടുവീഴ്ചകൾക്ക്  തെയ്യാറാവുകയും ചെയ്താൽ ഇന്ത്യ മുന്നണി എന്ന രാഷ്ട്രീയ മുന്നേറ്റം വിജയിക്കുമെന്നതിൽ സംശയമില്ല. ചില പ്രതിബന്ധങ്ങളൊക്കെ ഉണ്ടായാലും  സജീവമായി തന്നെ മുന്നോട്ട് പോകുവാൻ 'ഇന്ത്യ' ക്ക് സാധിക്കണം. എങ്കിൽ മാത്രമേ വലിയൊരു രാഷ്ട്രീയ മാറ്റം നമുക്ക് പ്രതീക്ഷിക്കാൻ കഴിയുകയുള്ളു.

♦️ജനതാദൾ എസ് (നാണു വിഭാഗം) നിലവിലെ രാഷ്ട്രീയ  തീരുമാനം ?

കേരളത്തിൽ ജനതാദൾ എസ് പിന്തുണ ഇടതുമുന്നണിക്കൊപ്പമാണ് മറ്റിടങ്ങളിൽ 'ഇന്ത്യ' സഖ്യത്തോടൊപ്പവും.
മതേതരത്വവും ജനാധിപത്യവും കോട്ടം തട്ടാതെ ഇന്ത്യയിൽ പുലർന്നു കാണുക എന്നതാണ് ജനതാദൾ എസ് പ്രവർത്തകരുടെ ആഗ്രഹം. അതിനു വേണ്ടിയുള്ള നിരുപാധിക പിന്തുണയും ശ്രമങ്ങളുമാണ് ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവുക.


♦️തീവ്ര വർഗീയ നിലപാടുകൾ ബിജെപിക്ക് ഇത്തവണയും കൂടുതൽ അനുകൂലമാകുമോ ?

ഈയടുത്തായി സ്വീകരിച്ച രൂക്ഷമായ വർഗീയ നിലപാടുകളും നടപടികളും ബിജെപിക്ക് പുതുതായി ഒരു വോട്ടെങ്കിലും നേടിക്കൊടുക്കുമെന്ന്  കരുതുന്നില്ല. ഇതവരുടെ വിശ്വസ്തരായ അടിമ വോട്ടർമാരെ ഒന്ന്കൂടി അവരിലേക്കടുപ്പിച്ച് നിർത്തും. അല്ലാതെ ഇതിലൂടെ അവർക്ക് കൂടുതൽ വോട്ടൊന്നും കിട്ടാൻ പോകുന്നില്ലെന്നുള്ളതാണ് യാഥാർഥ്യം.
ഈ യഥാർഥ്യമാണ് മതേതര ഇന്ത്യയുടെ ആത്മ ധൈര്യവും ആത്മ വിശ്വാസവും.

♦️ഇന്ത്യ സഖ്യത്തിന് ഏറ്റവും അനുകൂലമായ ഘടകം ?

യുവാക്കളുടെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ‌ 24 ശതമാനമാണ്. എന്നാൽ 20 നും 25 നുമിടയിലുള്ള ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ‌ 44 ശതമാനമാണ്. ഇവരിൽ തന്നെ 83 ശതമാനവും വിദ്യാസമ്പന്നരാണ്. ഈ സാഹചര്യം തീർച്ചയായും ബിജെപിയെ  തിരിഞ്ഞുകടിക്കും.
തൊഴിലില്ലായ്മ‌ തന്നെയാണ് നിലവിൽ ഇന്ത്യ സഖ്യത്തിന് ഏറ്റവും അനുകൂലമായ ഘടകം 

♦️ഇത്തവണ
ഒന്നാം ഘട്ടത്തിൽ ബീഹാർ പോലുള്ള സംസ്ഥാനങ്ങളിൽ വോട്ടിംഗ് ശതമാനം  വളരെ കുറവായിരുന്നു. അതേ കുറിച്ച്?

വോട്ടിന് തുല്യം വോട്ട് മാത്രം എന്ന് രാജ്യത്തെ പൗരന്‍മാരോട് ആഹ്വാനം ചെയ്യാൻ നമുക്ക് സാധിക്കണം വോട്ട് ചെയ്യുന്നത് പോലെ മറ്റൊരു പ്രതിരോധവുമില്ല  എന്ന സന്ദേശം  പുതിയ തലമുറയ്ക്ക് പകർന്നു നൽകാൻ നമുക്ക് കഴിയണം.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വോട്ട് ചെയ്യേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഇപ്പോഴും കൃത്യമായ ബോധവത്കരിക്കരണം നടന്നോ  എന്ന് നമ്മൾ പുന പരിശോധിക്കണം.രാജ്യത്തിന്‍റെ വിധി നിര്‍ണയിക്കുന്നതിനുള്ള ഓരോ ശബ്ദമാണ് രാജ്യത്തെ ഓരോ സമ്മതിദായകരും. ജനങ്ങള്‍ക്കിടയില്‍ അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഒരു ആഘോഷമായി  നിലനിൽക്കേണ്ടതുണ്ട്.
അത്തരം ശ്രമങ്ങൾ രാഷ്ട്രീയ പാർട്ടികൾ തന്നെ മുൻ കൈ എടുക്കാൻ മുന്നോട്ട് വരണം

♦️ ഇടതുപക്ഷത്തിന്റെ അംഗങ്ങളുടെ വർദ്ധനവ് പാർലിമെന്റിനു അനിവാര്യമാണ് എന്ന് പറയുന്നതിന്റെ കാരണം ?

പ്രത്യയശാസ്ത്ര അടിത്തറയും ആശയഗരിമയും ഇടതുപക്ഷത്തിനു അവകാശപ്പെടാൻ ഒട്ടേറെ കാരണങ്ങൾ ഉണ്ട്.
വർത്തമാന സംഭവവികാസങ്ങൾ എടുത്തു പരിശോധിച്ചാൽ നമുക്ക് അത് മനസിലാകും.
 സ്ഥിരതയുള്ള നിലപാടുകളുള്ളത് ഇടതുപക്ഷത്തിനാണ്. ഭരണകൂട നെറികേടുകളെയും വികലമായ ആശയങ്ങളെയും ശക്തമായി പ്രതിരോധിക്കാനും 
എതിർക്കുവാനും
പാർലമെന്റിൽ ഇടതുപക്ഷം അനിവാര്യമാണ്.
ജനാധിപത്യം നേരിടുന്ന ഭീഷണി, സംസ്ഥാനങ്ങൾക്കുള്ള അധികാരം, തൊഴിലാളികൾ നേരിടുന്ന പ്രശ്നം എന്നിവയിലെല്ലാം ശക്തമായ നിലപാടെടുത്തിട്ടുണ്ട് ഇടതുപക്ഷം.

♦️യുവ വോട്ടർമാർ ഇത്തവണ ആർക്കൊപ്പമായിരിക്കും?

പുതിയ കാല ഇന്ത്യക്ക് എന്തെങ്കിലും തരത്തിൽ മേൽക്കൈ ഉണ്ടെങ്കിൽ അത് രാജ്യത്തിന്റെ യുവമാനവ വിഭവമാണ്. യുവാക്കൾ മാറ്റത്തിനുവേ ണ്ടി കൊതിക്കുകയാണ്. ഇന്ത്യയിലെ യുവാക്കൾ അന്വേഷണകുതുകികളും വിശാലമനസ്സരുമാണ്.
കൃത്യമായ രാഷ്ട്രീയ തീരുമാനം കൈകൊള്ളാൻ അവർ പ്രാപ്തരായാൽ ഒരു ഫാസിസ്റ്റ് ഭരണകൂടത്തിനും നിലനിൽപ്പുണ്ടാവില്ല.

♦️രാജ്യത്തെ സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ ഇന്ത്യ സഖ്യത്തോടൊപ്പം അടിയുറച്ച്‌ നിൽക്കുവാനുള്ള സാധ്യത എത്രത്തോളം ഉണ്ട് ?

മതേതരത്വത്തിലും സാമൂഹിക നീതിയിലും അടിയുറച്ച ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ സമീപനമാണ്  യഥാർത്ഥ സോഷ്യലിസ്റ്റുകളുടേത്.
രാജ്യത്ത് വിഭാഗീയത ശക്തമാവുകയും അസ്വസ്ഥത വളർത്തുകയും ചെയ്യുന്ന രാഷ്ട്രീയ ധ്രുവീകരണത്തെ ചെറുക്കാൻ കഴിയുന്ന ജനാധിപത്യ മതേതര ശക്തികൾക്ക് കരുത്ത് പകരാൻ ഈ തിരഞ്ഞെടുപ്പിലൂടെ ആഹ്വാനം ചെയ്തു കൊണ്ടാണ് ഭൂരിഭാഗം സോഷ്യലിസ്റ്റ് പാർട്ടികളും മുന്നോട്ട് വന്നിരിക്കുന്നത്.
അത് ഇന്ത്യ ബ്ലോക്കിന്റെ പ്രതീക്ഷകൾ വർധിപ്പിക്കുന്നുണ്ട്.

Share this story