എനിക്കെതിരെ വ്യാജ പ്രചരണം നടത്തിയവര്‍ ലജ്ജയില്ലാതെ പത്മ കഫെയുടെ പിതൃത്വം ഏറ്റെടുക്കുന്നു; വിമര്‍ശനവുമായി ഗണേഷ് കുമാര്‍
കൊല്ലം: പുനലൂരില്‍ നടക്കുന്ന എന്‍എസ്എസിന്റെ 'പത്മ കഫെ' ഉദ്ഘാടനത്തിനെതിരെ മുന്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍. താന്‍ നേതൃത്വം നല്‍കിയാണ് പത്മ കഫെ സജ്ജമാക്കിയതെന്നും തനിക്കെതിരെ വ്യാജ പ്രചരണം നടത്തിയവര്‍ യാതൊരു ലജ്ജയുമില്ലാതെ കഫെയുടെ പിതൃത്വം ഏറ്റെടുക്കുകയാണെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.
മാധ്യമങ്ങളിലൂടെ ഉദ്ഘാടന വിവരം അറിഞ്ഞതില്‍ സന്തോഷമെന്നും അഭിമാന ബോധത്തോടെ ആശംസകള്‍ നേരുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം.
യഥാര്‍ത്ഥത്തില്‍ പത്മ കഫെയുടെ നിര്‍മാണത്തിന് വേണ്ടി ചെലവഴിക്കപ്പെട്ട തുക എത്രയാണെന്ന് കഴിഞ്ഞ ദിവസം ബാങ്ക് രേഖകളുടെ അധികാരികതയോടെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. അത് മറച്ചുവെച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരാണ് ഇന്ന് പത്മ കഫെ ഉദ്ഘാടനം ചെയ്യുന്നത്.
