തമ്പാനൂരിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്; ടാറ്റു ആർട്ടിസ്റ്റ് അറസ്റ്റിൽ

തമ്പാനൂരിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്; ടാറ്റു ആർട്ടിസ്റ്റ് അറസ്റ്റിൽ
തിരുവനന്തപുരം തമ്പാനൂരിൽ ബൈക്ക് യാത്രികനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ ടാറ്റു ആർട്ടിസ്റ്റ് അറസ്റ്റിൽ. കുറവക്കോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന റോബിൻ ജോണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് റോബിൻ ഓടിച്ച കാർ ബൈക്കുകാരനെ ഇടിച്ചിരുന്നു.
ഇതേ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. ഇന്നലെയാണ് സംഭവം. തമ്പാനൂരിലെ ബാറിൽ നിന്ന് മദ്യപിച്ച ശേഷം കാറുമായി ഇറങ്ങിയപ്പോഴാണ് ബൈക്കിൽ ഇടിച്ചത്. തുടർന്ന് തർക്കമായി.
ബൈക്ക് യാത്രികനെ പിന്തുണച്ച് ഓട്ടോ ഡ്രൈവർമാരടക്കം രംഗത്തുവന്നു. സ്ഥലത്ത് ആള് കൂടിയതോടെ റോബിൻ തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പിന്നാലെ സ്ഥലത്തെത്തിയ പോലീസ് റോബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.