രണ്ട് ഹൈക്കോടതികളിലായി മൂന്ന് കേസുകൾ പരിഗണനക്ക്; വീണക്കും സർക്കാരിനും നിർണായകം

veena exalogic

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട മൂന്ന് കേസുകൾ ഇന്ന് രണ്ട് ഹൈക്കോടതികളിൽ. വീണയുടെ എക്‌സാലോജിക് കമ്പനിക്കെതിരെയുള്ള കേസും കേന്ദ്ര ഏജൻസി ഇടപെടലിനെതിരെ കമ്പനി നൽകിയ കേസുമാണ് ഇന്ന് കോടതികൾ പരിഗണിക്കുന്നത്. കേസുകളിൽ കോടതിയുടെ പരാമർശമെന്തെന്ന് സിപിഎമ്മും ഉറ്റുനോക്കുന്നുണ്ട്. 

ഏതെങ്കിലും വിധത്തിൽ കോടതിയിൽ നിന്ന് എതിർ പരാമർശങ്ങളുണ്ടായാൽ അത് സർക്കാരിനെയും പ്രതികൂലമായി ബാധിക്കും. പ്രതിപക്ഷം ഇതിനെ ആയുധമാക്കി എടുക്കുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ പാർട്ടിയും പ്രതിരോധത്തിലാണ്. എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരായ എക്‌സാലോജിക്കിന്റെ ഹർജി കർണാടക ഹൈക്കോടതിയാണ് പരിഗണിക്കുന്നത്. 

തുടർ നടപടികളിൽ സ്റ്റേയും കേസ് റദ്ദാക്കണമെന്നുമുള്ള ആവശ്യവുമാണ് എക്‌സാലോജിക് ഉന്നയിക്കുന്നത്. അതേസമയം കേരളാ ഹൈക്കോടതിയിൽ രണ്ട് കേസുകളും ഇന്ന് പരിഗണിക്കും. സിഎംആർഎല്ലും എക്‌സാലോജിക്കും തമ്മിലുള്ള ഇടപാടിൽ എസ് എഫ് ഐ ഒ അന്വേഷണം ആവശ്യപ്പെട്ട ഷോൺ ജോർജിന്റെ ഹർജിയും മാസപ്പടി കേസിൽ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് ഐ ഡി സി നൽകിയ ഹർജിയുമാണ് കേരളാ ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്നത്.
 

Share this story