ഓണാഘോഷത്തിനിടെ സംഘർഷം: യുവതിയടക്കം മൂന്ന് പേർക്ക് വെട്ടേറ്റു; നാല് പേർ പിടിയിൽ

Police

തിരുവനന്തപുരം ചിറയിൻകീഴ് ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവതിയടക്കം മൂന്ന് പേർക്ക് ഗുരുതരമായി വെട്ടേറ്റു. സംഭവത്തിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് ഈഞ്ചക്കൽ പാലത്തിന് സമീപം ആറ്റുവരമ്പിൽ തിട്ടവീട്ടിൽ പ്രവീൺലാൽ(34), ഈഞ്ചക്കൽ അനന്തൻതിട്ട വീട്ടിൽ ഉണ്ണി(28), ആറ്റുവരമ്പ് വയൽതിട്ട വീട്ടിൽ കിരൺപ്രകാശ്(29), വയൽതിട്ട വീട്ടിൽ ജയേഷ്(24) എന്നിവരാണ് പിടിയിലായത്

കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം. കുറട്ടുവിളാകം പൗരസമിതിയുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷങ്ങൾക്കിടെ മദ്യപിച്ചെത്തിയ അക്രമിസംഘം മാരകായുധങ്ങളുമായി അഴിഞ്ഞാടുകയായിരുന്നു. നാട്ടുകാർക്കിടയിലേക്ക് പ്രതികൾ ബൈക്ക് ഓടിച്ചു കയറ്റി. തുടർന്ന് സ്ത്രീകളടക്കമുള്ളവരെ അസഭ്യം വിളിക്കുകയും വാൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു

സംഘാടകർ ഇത് ചെറുക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്. തുടർന്ന് പ്രതികൾ മാരകായുധങ്ങൾ പ്രയോഗിക്കുകയായിരുന്നു. അച്ചുലാൽ(35), അജിത്ത്(37), അച്ചുലാലിന്റെ സഹോദരി മോനിഷ(37) എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ അച്ചുലാലിനെയും അജിത്തിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലും മോനിഷയെ ശ്രീചിത്ര മെഡിക്കൽ സെന്ററിലും പ്രവേശിപ്പിച്ചു.
 

Tags

Share this story