തൃപ്പുണിത്തുറ സ്‌ഫോടനം: പടക്കം എത്തിച്ചവർക്കും ഉത്സവ കമ്മിറ്റിക്കുമെതിരെ കേസെടുത്തു

തൃപ്പൂണിത്തറ സ്‌ഫോടനത്തിൽ എക്‌സ്‌പ്ലോസിവ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. ഹിൽ പാലസ് പൊലീസ് ആണ് കേസെടുത്തത്. ഭരണസമിതി, പടക്കം എത്തിച്ചവർ, ഉത്സവ കമ്മിറ്റി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. വെടിക്കെട്ടിന് അനുമതിയില്ലായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചു.

അതേസമയം തൃപ്പൂണ്ണിത്തുറ സ്‌ഫോടനത്തിൽ പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. കളമശേരി മെഡിക്കൽ കോളജിലും എറണാകുളം ജനറൽ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേർപ്പെടുത്താൻ ജില്ലാ മെഡിക്കൽ ഓഫീസർ നടപടി സ്വീകരിച്ചിട്ടുണ്ട്. 

തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്കക്കടയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഗുരുതരമായി പരുക്കേറ്റ് തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. സംഭവത്തിൽ 16 പേരാണ് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. നാല് പേരുടെ നില ഗുരുതരമാണ്.
 

Share this story