തൃശ്ശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്: 20 പേർക്കെതിരെ കേസ്, പാർട്ടി നടപടിക്കും സാധ്യത

തൃശ്ശൂർ ഡിസിസി ഓഫീസിൽ നടന്ന കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അടക്കം 20 പേർക്കെതിരെ കേസെടുത്തു. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ പരാതിയിലാണ് കേസ്. ജാമ്യം നൽകാവുന്ന വകുപ്പ് പ്രകാരാണ് തൃശ്ശൂർ ഈസ്റ്റ് പോലീസ് കേസെടുത്തത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗമാണ് കഴിഞ്ഞ ദിവസം കൂട്ടത്തല്ലിൽ കലാശിച്ചത്. ഡിസിസി സെക്രട്ടറി സജീവൻ കുരിച്ചിറക്ക് മർദനമേറ്റതാണ് തുടക്കം. കെ മുരളീധരന്റെ വിശ്വസ്തനാണ് സജീവൻ. ഡിസിസി പ്രസിഡന്റും കൂട്ടരും മർദിച്ചെന്നാണ് സജീവന്റെ പരാതി

സജീവനെ മർദിച്ചത് ചോദ്യം ചെയ്ത് കൂടുതൽ പ്രവർത്തകരെത്തിയതോടെ രംഗം വഷളായി. ഇതോടെ ഇരുചേരിയായി തിരിഞ്ഞ് പോർവിളിയും കയ്യാങ്കളിയുമായി. വിഷയത്തിൽ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കെസിസിസി പ്രസിഡന്റ് കെ സുധാകരനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
 

Share this story