ഇന്ന് നബിദിനം; മദ്രസകളില്‍ പ്രത്യേക ആഘോഷ പരിപാടികള്‍

പ്രവാചകന്‍ മുഹമ്മദ് നബിയുടെ സ്മരണ പുതുക്കി ഇസ്‌ലാം മതവിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആണ് ഇന്ന്. ഇസ്ലാമിന്റെ കരുണയും മനുഷ്യ സ്നേഹവും ഉയര്‍ത്തിപ്പിടിക്കുന്ന ദിനമായാണ് നബിദിനം കൊണ്ടാടുന്നത്.
അറബി മാസം റബീഉല്‍ അവ്വല്‍ 12 ന് ആണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജനനം. പ്രാചകന്റെ 1500ആം നബിദിനമാണ് ഇന്നത്തേത്.ചെറു പ്രായം മുതല്‍ അനാഥനായി വളര്‍ന്ന മുഹമ്മദ് നബിക്ക് നാല്പതാം വയസിലാണ് പ്രവാചകത്വം ലഭിച്ചത്. പള്ളികളിലും മദ്രസകളിലും മൗലിദ് പാരായണം ചെയ്തും ഘോഷ യാത്രകള്‍ സംഘടിപ്പിച്ചുമാണ് നബിദിനം കൊണ്ടാടുന്നത്.നബി സന്ദേശമായ സഹിഷ്ണുതയും മനുഷ്യ സ്നേഹവുമാണ് ഇത്തരം പരിപാടികളിലൂടെ സമൂഹത്തില്‍ പകരുന്നത്.
മദ്രസകള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിക്കും.പ്രവാചകന്റെ ഉപദേശങ്ങളും ജീവിത മാതൃകകളും അനുസ്മരിച്ച് മതപണ്ഡിതരുടെ ഉദ്‌ബോധനവും ഉണ്ടാകും. ജാതിമത ഭേദമന്യേ അന്നദാനവും നബിദിനത്തിന്റെ ഭാഗമാണ്.റബീഉല്‍ അവ്വല്‍ ഒന്നിന് ആരംഭിച്ച വിപുലമായ മൗലിദ് പാരായണങ്ങള്‍ക്ക് നബിദിന ആഘോഷത്തോടെ സമാപനമാകും.