നവീൻ ബാബുവിന്റെ വേർപാടിന് ഇന്ന് ഒരു വർഷം; ഒപ്പം നിന്നവർക്ക് നന്ദിയെന്ന് ഭാര്യ മഞ്ജുഷ

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ വേർപാടിന് ഇന്ന് ഒരു വർഷം. ഒപ്പം നിന്നവർക്ക് നന്ദി അറിയിക്കുന്നതായും നീതി ഇനിയും അകലെയാണെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. മനുഷ്യത്വമുള്ള എല്ലാവരും കൂടെ നിന്നിട്ടുണ്ട്. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് നിൽക്കുന്നത്. ഒപ്പം നിന്നവരെയും ഭിന്നിപ്പിക്കാൻ ശ്രമിച്ചവരെയും ഞങ്ങൾക്കറിയാം.കുടുംബത്തിൽ വരെ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം ഉണ്ടായെന്നും കുടുംബം ആരോപിച്ചു.
നവീൻ ബാബുവിനെ പ്രശാന്ത് വിളിച്ചെന്ന് പറയുന്ന കോൾ റെക്കോർഡ്‌സ് ഇതുവരെ കോടതിയിൽ ഹാജരാക്കിയിട്ടില്ല. പിപി ദിവ്യയുടെ പേരിലുള്ള നമ്പർ ഇതുവരെ പരിശോധിച്ചിട്ടില്ല. നിർണായകമായ പോയിന്റുകൾ അന്വേഷിച്ചിട്ടില്ല. അതെല്ലാം മറച്ചുവെച്ചു കൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചതെന്നാണ് മനസ്സിലാക്കുന്നതെന്നും കുടുംബം പ്രതികരിച്ചു
നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് കയറി വന്ന അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നടത്തിയ പരാമർശങ്ങളാണ് നവീൻ ബാബു ജീവനൊടുക്കാൻ കാരണമായതെന്നാണ് പോലീസ് റിപ്പോർട്ട്. ഇതേ തുടർന്ന് ദിവ്യയെ ജില്ലാ പഞ്ചായത്ത് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.