പാലിയേക്കരയിൽ ടോൾ പിരിവ് വിലക്ക് തുടരും; കലക്ടറോട് ചോദ്യങ്ങളുമായി ഹൈക്കോടതി

paliyekkara

പാലിയേക്കരയിൽ ടോൾ പിരിവ് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ വെള്ളിയാഴ്ച ഉത്തരവിറക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോൾ പിരിവ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദേശീയപാത അതോറിറ്റിയുടെ ഹർജി പരിഗണിച്ചപ്പോൾ ജില്ലാ കലക്ടറോട് നിലവിലെ റോഡിന്റെ അവസ്ഥയെ കുറിച്ച് ഹൈക്കോടതി വിവരം തേടി

60 കിലോമീറ്റർ ടോൾ പിരിക്കുന്ന ദൂരത്തിൽ മൂന്നോ നാലോ ഇടങ്ങളിൽ മാത്രമാണ് പ്രശ്‌നമെന്നാണ് എജി ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ എവിടെയൊക്കെയാണ് പ്രശ്‌നമെന്ന് കോടതി കലക്ടറോട് ചോദിച്ചു. അഞ്ച് കിലോമീറ്റർ ദൂരത്തിലാണ് പ്രശ്‌നമെന്ന് കലക്ടർ മറുപടി നൽകി. ഈ റോഡിലൂടെ സഞ്ചരിച്ചാൽ പ്രശ്‌നങ്ങൾ മനസിലാകുമെന്നും ഇവിടെ ഇരിക്കുന്ന എല്ലാവർക്കും അത് വ്യക്തമായി അറിയാമെന്നും എജിയോട് കോടതി പറഞ്ഞു

ദേശീയപാത അതോറിറ്റി മനപ്പൂർവം റോഡ് നന്നാക്കാതിരിക്കുന്നതല്ലെന്ന് എജി വാദിച്ചു. ഏതെങ്കിലും ഇടങ്ങളിൽ ഗതാഗത കുരുക്ക് ഉണ്ടായെന്ന് കലക്ടറോട് കോടതി ചോദിച്ചു. ഇന്ന് തന്നെ സ്ഥലം സന്ദർശിച്ച് പരിശോധിക്കാനും കോടതി നിർദേശം നൽകി. സുഗമമായ ഗതാഗതം ഉറപ്പാക്കിയ ശേഷമേ ടോൾ പിരിക്കാവുവെന്ന സുപ്രീം കോടതി ഉത്തരവും ഹൈക്കോടതി ചൂണ്ടിക്കാട്ടി
 

Tags

Share this story