അരലക്ഷം വരെ കൈക്കൂലി വാങ്ങി; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങൾ: പടിയിറങ്ങും മുൻപ് സാംബശിവ റാവുവിൻ്റെ പണി

റാവു

തിരുവനന്തപുരം: എക്സൈസ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി സ്ഥാനമൊഴിഞ്ഞ എക്സൈസ് കമ്മിഷണർ എസ്.സാംബശിവ റാവു. എക്സൈസ് മന്ത്രിയുടെ ജില്ലയിലെ ഡപ്യുട്ടി എക്സൈസ് കമ്മിഷണര്‍ക്കെതിരെയും സെന്‍ട്രല്‍ സോണ്‍ ജോയിന്‍റ് എക്സൈസ് കമ്മിഷണര്‍ക്കെതിരെയും കോഴയും ക്രമക്കേടും ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. ഇരുവരും ബാറുകളില്‍ നിന്നും മാസപ്പടി വാങ്ങുന്നതും, ലൈസന്‍സ് പുതുക്കാന്‍ സഹായിച്ച് കൈക്കൂലി ഈടാക്കുന്നതും, ബെനാമി ഇടപാടിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. വിജിലന്‍സ് അന്വേഷണത്തിനുള്ള ശുപാര്‍ശ നല്‍കിയതിനൊപ്പം അനധികൃത പണപ്പിരിവിന് സാധ്യതയുള്ള പദവികളിലൊന്നും ഇരുവര്‍ക്കും ചുമതല നല്‍കരുതെന്നുമാണ് നിര്‍ദേശം. 

സെന്‍ട്രല്‍ സോണ്‍ ജോയിന്‍റ് എക്സൈസ് കമ്മിഷണര്‍ വിനോദിനെതിരെ ഗുരുതര കോഴ ആരോപണവും റിപ്പോർട്ടിൽ പറയുന്നുണ്ട്. ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് ഇടനിലക്കാരനാവുന്നെന്നും അരലക്ഷം വരെ പല ബാറുടമകളില്‍ നിന്നും കൈക്കൂലിയായി വാങ്ങുന്നെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പാലക്കാട് അണക്കപ്പാറയില്‍ വ്യാജ കള്ളും, സ്പിരിറ്റും പിടികൂടിയ കേസില്‍ എക്സൈസ് ഉദ്യോഗസ്ഥരും, ഷാപ്പ് ലൈസന്‍സികളും തമ്മിലുള്ള അവിശുദ്ധ ഇടപാടില്‍ ഏറ്റവും കൂടുതല്‍ തുക കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനായി വിജിലന്‍സ് കണ്ടെത്തിയെങ്കിലും സ്വാധീനം ഉപയോഗിച്ച് വിനോദ് രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.

മന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടുന്ന ആലപ്പുഴയിലെ എക്സൈസ് ഡപ്യുട്ടി കമ്മിഷണര്‍ അജയ് കായംകുളത്തെ ബാറുകളില്‍ നിന്ന് പതിവായി പണം പിരിക്കുന്നതായി തെളിവുണ്ടെന്നും സീറാം റിപ്പോർട്ടിൽ പറയുന്നു. കായംകുളത്തുള്ള ബാറിൽ ഇൻസ്പെക്ഷനു പോകുമ്പോൾ അജയ് പണം കൈപ്പറ്റാറുണ്ടെന്നും ബാർ ഉടമ എക്സൈസ് മന്ത്രിക്ക് അടുപ്പമുള്ള ആളാണെന്നും  മന്ത്രി അദ്ദേഹത്തോട് സംസാരിച്ചാൽ ഇതുവരെ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള തുക സംബന്ധിച്ചും, ഇപ്പോൾ നൽകാൻ പോകുന്ന തുക സംബന്ധിച്ചും കൃത്യമായി കാര്യങ്ങൾ പറയാൻ സാധ്യത ഉണ്ടെന്നും വിവരം നൽകിയ വ്യക്തി അറിയിച്ചതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ഓണക്കാലത്ത് മാത്രം ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ഇരുപതിനായിരം രൂപ വീതം കൈക്കൂലി വാങ്ങി. കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരുന്ന സമയത്ത് ഒരു കള്ള് ഷാപ്പ് ലൈസന്‍സിന്‍റെ മറവില്‍ രണ്ട് കെട്ടിടങ്ങളില്‍ ഷാപ്പ് നടത്താന്‍ അനുമതി നല്‍കിയെന്നും റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിനെത്തുടര്‍ന്നുണ്ടായ അന്വേഷണം അട്ടിമറിച്ചതിന്‍റെ രേഖയും ഫയലിലുണ്ട്. ഈ ഉദ്യോഗസ്ഥന് കോട്ടയത്ത് മൂന്ന് ബാറുകളില്‍ ബെനാമി ഇടപാടും കള്ള് ഷാപ്പുകളില്‍ പണം മുടക്കിയതിന്‍റെയും തെളിവുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇരുവരും എക്സൈസ് വകുപ്പിന്‍റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നവരാണെന്നും ഇവരെ നേരിട്ട് അനധികൃത പണപ്പിരിവിന് സാധ്യതയില്ലാത്ത സ്ഥലത്ത് മാറ്റി നിയമിക്കണമെന്നും ശുപാര്‍ശയുണ്ട്. അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിജിലന്‍സ് അന്വേഷണവും വേണം. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ കൂടുതലും എക്സൈസ് കമ്മിഷണര്‍ അറിയാതെ മന്ത്രിയുടെ ഓഫിസ് നേരിട്ട് നടപ്പാക്കി. അഴിമതിരഹിതരായ ഉദ്യോഗസ്ഥരെ ചെക്പോസ്റ്റുകളില്‍ ഉള്‍പ്പെടെ പ്രധാന ഇടങ്ങളില്‍ നിയമിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഓണ്‍ലൈന്‍ വഴി മാത്രം സ്ഥലംമാറ്റം നടത്തണമെന്നും സ്ഥാനമൊഴിയും മുന്‍പ് സാംബശിവ റാവു നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്

Tags

Share this story