ഉദ്ഘാടനച്ചടങ്ങിൽ ദീപശിഖാ വിവാദം; പി.ടി. ഉഷയ്ക്ക് പകരം ദീപം തെളിയിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ഉദ്ഘാടനച്ചടങ്ങിൽ കല്ലുകടിയായി ദീപശിഖാ വിവാദം. മുൻനിശ്ചയപ്രകാരം ദീപം തെളിക്കേണ്ടിയിരുന്ന ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയിൽനിന്നു ദീപശിഖ ഏറ്റുവാങ്ങി ദീപം തെളിച്ചത് മുഖ്യമന്ത്രി വി.ഡി. സതീശനാണ്. സംഭവത്തിൽ പി.ടി. ഉഷ എംപിയുടെ ഓഫിസ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസിനെ പ്രതിഷേധം അറിയിച്ചു. വിഷയത്തിൽ പി.ടി. ഉഷ നേരിട്ടു പ്രതികരിച്ചില്ല.
സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡർ കൂടിയായ പി.ടി. ഉഷയെ ഗെയിംസ് ദീപം തെളിക്കുന്നതിനു വേണ്ടിയാണു വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് ക്ഷണിച്ചിരുന്നത്. ജബൽപുരിലായിരുന്ന ഉഷ ഇതിനു വേണ്ടി മാത്രമാണു കോഴിക്കോട്ട് എത്തിയത്. സെനഗലിൽ നടക്കുന്ന യൂത്ത് ഒളിംപിക്സിൽ പങ്കെടുക്കാനായി ഉഷ ഇന്നു യാത്രതിരിക്കുകയും ചെയ്യും.
ദീപം തെളിക്കുന്ന ചടങ്ങു നടക്കുന്ന സമയത്താണു മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനവേദിയിൽ എത്തിയത്. ഇതോടെ ദീപം മുഖ്യമന്ത്രിക്കു കൈമാറാനായി വിദ്യാഭ്യാസമന്ത്രി നിർദേശിക്കുകയായിരുന്നുവെന്നു പി.ടി. ഉഷയുടെ ഓഫിസ് പറയുന്നു.
