ഫോട്ടോ ഫിനിഷിലേക്ക്: വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ എല്ലാ കണ്ണുകളും ആറ്റിങ്ങലിൽ

joy

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് എത്തുമ്പോൾ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും 19 എണ്ണത്തിലും വ്യക്തമായ ചിത്രം തെളിഞ്ഞു കഴിഞ്ഞു. അപ്പോഴും ആറ്റിങ്ങൽ മണ്ഡലം ഫോട്ടോ ഫിനിഷിലേക്ക് പോകുകയാണ്. ലീഡ് നില പലതവണ മാറി മറിഞ്ഞ് ആറ്റിങ്ങൽ മണ്ഡലം സസ്‌പെൻസ് തുടരുകയാണ്

യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ തമ്മിൽ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് ആറ്റിങ്ങൽ. യുഡിഎഫിനായി അടൂർ പ്രകാശും, എൽഡിഎഫിനായി വി ജോയിയും എൻഡിഎക്കായി വി മുരളീധരനും മത്സരരംഗത്തിറങ്ങി. വി ജോയിയുടെയും അടൂർ പ്രകാശിന്റെയും ലീഡ് നില ഓരോ റൗണ്ടിലും മാറിമറിയുകയാണ്. അക്ഷരാർഥത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തിൽ നടക്കുന്നത്

നിലവിൽ വി ജോയിയാണ് മുന്നിട്ട് നിൽക്കുന്നത്. 1886 വോട്ടുകളുടെ ലീഡാണ് വി ജോയിക്കുള്ളത്. അതേസമയം തിരുവനന്തപുരത്ത് ശശി തരൂർ വിജയമുറപ്പിച്ചു. മണിക്കൂറുകളോളം നേരം രാജീവ് ചന്ദ്രശേഖർ മുന്നിട്ട് നിന്നെങ്കിലും അവസാന റൗണ്ടിൽ തരൂർ ശക്തമായി തിരിച്ചു വരികയായിരുന്നു. തരൂരിന് നിലവിൽ 15,235 വോട്ടുകളുടെ ലീഡുണ്ട്.
 

Share this story