ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് പരോള്‍; പരോള്‍ കൊടി സുനി ഒഴികെയുള്ള 10 പ്രതികള്‍ക്ക്

TP Chandrashekaran

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് പരോള്‍. കൊടിസുനി ഒഴികെയുള്ള 10 പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിന് പിന്നാലെയാണ് നടപടി.

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് നിരവധി തവണ അനധികൃതമായി പരോള്‍ ആനുകൂല്യങ്ങള്‍ ലഭിച്ചെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് 10 പ്രതികള്‍ക്ക് വീണ്ടും പരോള്‍ നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പ്രതികള്‍ ശിക്ഷ അനുഭവിച്ചുവന്നിരുന്നത്. പ്രതികള്‍ക്ക് പരോളിനായി നിയമപരമായ അര്‍ഹതയുണ്ടെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം. ജയില്‍ ഉപദേശക സമിതിയുടെ ശിപാര്‍ശ കൂടി പരിഗണിച്ചാണ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്.

ഒരേ കേസിലെ 10 പ്രതികള്‍ക്ക് ഒരേ സമയം പരോള്‍ ലഭിച്ചുവെന്നത് അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്. കൊടി സുനിയുടെ പരോള്‍ അപേക്ഷയും ജയില്‍ അധികൃതരുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. ടി പി വധക്കേസ് പ്രതികള്‍ ജയിലിനകത്തിരുന്ന് സ്വര്‍ണക്കടത്ത് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഏകോപിപ്പിച്ചെന്ന ആരോപണം ഉയരുമ്പോള്‍ കൂടിയാണ് 10 പ്രതികള്‍ക്ക് ഒരുമിച്ച് പരോള്‍ നല്‍കിയിരിക്കുന്നത്.

Share this story