ടിപി വധക്കേസ്: എങ്ങനെ പെട്ടെന്ന് ജാമ്യം നൽകും, രേഖകൾ കാണണമെന്ന് സുപ്രീം കോടതി
ടിപി വധക്കേസ് ഒരു കൊലപാതക കേസാണെന്നും പെട്ടെന്ന് എങ്ങനെ ജാമ്യം നൽകുമെന്നും സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട വിചാരണ കോടതിയുടെ രേഖകൾ കാണണമെന്നും കോടതി ആവശ്യപ്പെട്ടു. രേഖകൾ വരുന്നതുവരെ ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല
സാക്ഷിമൊഴികൾ അടക്കം കാണാതെ തീരുമാനം എടുക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ജ്യോതിബാബുവാണ് ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം സംസ്ഥാനം മറുപടി നൽകാതെ ഒളിച്ചുകളിക്കുകയാണെന്ന് കെകെ രമയുടെ അഭിഭാഷകൻ വാദിച്ചു
എന്നാൽ ഗ്യാലറിക്ക് വേണ്ടിയുള്ള ആരോപണങ്ങളാണ് കെ കെ രമ ഉന്നയിക്കുന്നതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. പ്രതികൾക്ക് അനുപാതരഹിതമായ ഇളവുകളാണ് ലഭിച്ചതെന്നും സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്ടമാകുന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടായതെന്നും കെകെ രമ സത്യവാങ്മൂലം നൽകി.
