ടോള്‍ പ്ലാസകളിലെ ഗതാഗതക്കുരുക്ക്; ഇടപ്പെട്ട് ഹൈക്കോടതി

Toll Plaza

കൊച്ചി: ടോള്‍ പ്ലാസകളിലെ ഗതാഗതം സുഗമമാക്കണമെന്ന് ഇടപ്പെട്ട് ഹൈക്കോടതി. ഫാസ്റ്റ് ടാഗ് ഇല്ലാതെ ഫാസ്റ്റ് ടാഗ് ട്രാക്ക് ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെ കുറിച്ച് പരിശോധിക്കണമെന്നും ഹൈക്കോടതി അറിയിച്ചു. 'ടോള്‍ ബൂത്തില്‍ സുഗമമായ ഗതാഗതം നടപ്പാക്കാന്‍ ദേശീയപാത അതോറിറ്റിയും ടോള്‍ പിരിക്കുന്നവരും അടിയന്തിര നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടി വരും', ഹൈക്കോടതി വ്യക്തമാക്കി.

പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. പാലിയേക്കര ടോള്‍ പ്ലാസയില്‍ വലിയ തിരക്ക് ഉണ്ടെന്നും ഇത് സമയനഷ്ടമുണ്ടാക്കുന്നുവെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. 1998 ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 201 ഭേദഗതി ചെയ്യുന്ന കാര്യം കൂടി പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 'ടോള്‍ ബൂത്തുകളില്‍ അനാവശ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ നിയമനടപടി എടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും ഡിജിപിയും ആലോചന നടത്തണം. ടോള്‍ പ്ലാസയില്‍ തടസ്സങ്ങളില്ലാതെ വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയണം. ദേശീയപാത അതോറിറ്റിയും ടോള്‍ പിരിക്കുന്നവരും ഇത് ഉറപ്പാക്കണം. അല്ലാത്ത പക്ഷം മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കേണ്ടിവരും', ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

Share this story