ദുരന്തം പ്രശ്നമല്ല; പാറമേക്കാവിന് വെടിക്കെട്ട് നടത്തിയേ പറ്റൂ

Tri

തൃശൂർ പൂരം നടത്തണമെന്നു തന്നെയാണ് പൊതുവികാരമെന്നും, രണ്ട് പ്രധാന വെടിക്കെട്ടുകളും നടത്തുക തന്നെ വേണമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്. സാമ്പിൾ വെടിക്കെട്ട് വേണ്ടെന്നു വയ്ക്കുന്നതിൽ എതിർപ്പില്ലെന്നും ഇയാൾ പറയുന്നു.

അനുവദിച്ചതിൽ കൂടിയ അളവിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിന് പാറമേക്കാവിന്‍റെ വെടിക്കെട്ട് ലൈസൻസിക്കെതിരേ കേസെടുത്തതിനു പിന്നാലെയാണ് നിലപാട് മാറ്റിയുള്ള പ്രതികരണം. ഇത്തവണ വെടിക്കെട്ടിനിലില്ലെന്ന് മുണ്ടത്തിക്കോട് ദുരന്തത്തിനു പിന്നാലെ തിരുവമ്പാടി ദേവസ്വം വ്യക്തമാക്കിയിരുന്നു. സർക്കാർ തീരുമാനം അംഗീകരിക്കുമെന്നായിരുന്നു പാറമേക്കാവിന്‍റെ ആദ്യ പ്രതികരണം.

രാത്രിയിലെ പ്രധാന വെടിക്കെട്ടും, പകൽപ്പൂരത്തിനോടനുബന്ധിച്ചുള്ള വെടിക്കെട്ടും നടത്തണമെന്ന വികാരമാണ് ഉയർന്നുവരുന്നതെന്നും, പൊതുസമൂഹത്തിന് ഇതിൽ എതിരഭിപ്രായം ഉണ്ടാകില്ലെന്നും രാജേഷ് അവകാശപ്പെടുന്നു.

പൂരം നടത്തിപ്പ് സംബന്ധിച്ച് ചർച്ച നടക്കുന്നതിനു മുൻപ് കേസെടുത്തത് മുൻവിധിയോടെയുള്ള വേട്ടയാടലാണെന്നാണ് രാജേഷ് പറയുന്നത്. ഇത് പൂരം തകർക്കാനുള്ള നീക്കമാണെന്നു സംശയിക്കുന്നതായും ഇയാൾ ആരോപിച്ചു.

പാല്കാട് മുതലമട വെള്ളാരംകടവിൽ ബിനോയ് ജേക്കബിന്‍റെ ഉടമസ്ഥതയിലുള്ള വെടിമരുന്ന് നിർമാണശാലയിലാണ് പാറമേക്കാവിനു വേണ്ടി വെടിക്കെട്ട് സാമഗ്രികൾ തയാറാക്കുന്നത്. മുണ്ടത്തിക്കോട് അപക‌ടത്തിന്‍റെ പശ്ചാത്തലത്തിൽ ചിറ്റൂർ തഹസിൽദാർ ഇവിടെയും പരിശോധന നടത്തിയിരുന്നു.

2000 കിലോഗ്രാം വെടിമരുന്ന് സൂക്ഷിക്കാൻ അനുമതിയുണ്ടായിരുന്ന ഇവിടെ അതിൽ കൂടുതൽ വെടിമരുന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. തുടർന്ന് പാലക്കാട് ജില്ലാ കലക്റ്ററുടെ നിർദേശ പ്രകാരം തഹസിൽദാർ സ്റ്റോപ്പ് മെമ്മോയും നൽകി. വെടിക്കെട്ട് പുര പൂട്ടി സീൽ ചെയ്തിട്ടുമുണ്ട്.

എന്നാൽ, പെസോ നിയമ പ്രകാരം 6500 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യാൻ അനുമതിയുള്ള ലൈസൻസിയാണ് ബിനോയ് ജേക്കബ് എന്നാണ് ജി. രാജേഷ് അവകാശപ്പെടുന്നത്.

Tags

Share this story