ട്രെയിൻ ആക്രമണം: പ്രതിയെ പിടികൂടുന്നതിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് വലിയ വീഴ്ച

satheeshan

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ പിടികൂടുന്നതിൽ കേരളാ പോലീസിന്റെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതേ ട്രെയിനിൽ തന്നെ പ്രതി യാത്ര ചെയ്തിട്ടും പിടികൂടാനായില്ല. പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുന്നതിന് തുല്യമായിരുന്നു പോലീസിന്റെ പ്രവർത്തികൾ. വാഹനം തകരാറിലായതോടെ പ്രതിയുമായി ഒന്നര മണിക്കൂർ കാത്തുനിന്നത് എത്ര ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണ്

പ്രതിയെ പിടികൂടിയത് കേരളാ പോലീസാണെന്ന മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് പൊതുസമൂഹം ചിരിക്കുമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഞായറാഴ്ച രാത്രി 9.30നാണ് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ ഷാറുഖ് സെയ്ഫി തീയിട്ടത്. ഇതേ ട്രെയിനിൽ തന്നെ പ്രതി യാത്ര തുടർന്നു. പതിനൊന്നരയോടെ കണ്ണൂരിലെത്തി. പ്രതിയെ കുറിച്ചുള്ള ദൃക്‌സാക്ഷി മൊഴികൾ ഈ സമയത്തിനകം പുറത്തുവന്നിട്ടും ട്രെയിനിലോ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലോ പരിശോധന നടന്നില്ലെന്ന് അമ്പരിപ്പിക്കുന്നതാണെന്നും സതീശൻ പറഞ്ഞു. 

കാര്യക്ഷമമായ പോലീസ് ഇടപെടലോ പരിശോധനകളോ ഉണ്ടായിരുന്നുവെങ്കിൽ കേരളാ അതിർത്തി കടക്കും മുമ്പ് പ്രതിയെ പിടികൂടാമായിരുന്നു. ചരിത്രത്തിൽ ഇതുവരെയില്ലാത്ത അക്രമ സംഭവത്തിൽ സംസ്ഥാനം ഞെട്ടിത്തരിക്കുമ്പോൾ അങ്ങേയറ്റം ഉദാസീനമായാണ് കേരളാ പോലീസ് പെരുമാറിയതെന്നും സതീശൻ കുറ്റപ്പെടുത്തി.
 

Share this story