മദ്യപിച്ച് വാഹനമോടിച്ച കെ എസ് ആർ ടി സി ഡ്രൈവർമാർക്കെതിരെ കർശന നടപടിയെന്ന് ഗതാഗത മന്ത്രി
Tue, 14 Feb 2023

മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിയമ നടപടികൾക്കൊപ്പം ഇവർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചത് ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു
കൊച്ചിയിൽ നിയമലംഘനം നടത്തിയ 32 ബസുകൾ ഇന്നലെ പോലീസ് പിടിച്ചെടുത്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് 26 ഡ്രൈവർമാരാണ് പിടിയിലായത്. ഇതിൽ നാല് പേർ സ്‌കൂൾ ഡ്രൈവർമാരും രണ്ട് പേർ കെ എസ് ആർ ടി സി ഡ്രൈവർമാരുമായിരുന്നു.
സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ ബൈക്ക് യാത്രികൻ മരിച്ചതിന് പിന്നാലെയാണ് പോലീസ് കൊച്ചിയിൽ പരിശോധന കർശനമാക്കിയത്. ഗതാഗത നിയമലംഘനങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് പരാതിപ്പെടാനുള്ള മൊബൈൽ ഫോൺ നമ്പർ പോലീസ് തയ്യാറാക്കുന്നുണ്ട്. ഇതുടൻ എല്ലാ സ്വകാര്യ ബസുകളിലും പതിപ്പിക്കും.