വിചാരണ അവസാനഘട്ടത്തിലേക്ക്; ദിലീപിന്റെ വിധി എന്താകും

Dillep

നടി ആക്രമിക്കപ്പെട്ട  കേസിൽ വിചാരണ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ  ആകാംക്ഷ കനക്കുകയാണ്. കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെ വിധി എന്താകും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടന്ന തുടർ അന്വേഷണത്തിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കപ്പെട്ട ശേഷം നടന്ന വിചാരണ അനന്തമായി നീളുകയാണ്.  വിചാരണയ്ക്കായി  സുപ്രീംകോടതി വെച്ച സമയപരിധി ജനുവരി 31 ന് കഴിഞ്ഞിരിക്കുകയാണ്.  ഇതിനിടയിൽ തന്നെയാണ് ഗുരുതമായ വൃക്കരോഗം പ്രധാന സാക്ഷിയായ  ബാലചന്ദ്രകുമാറിനെ പിടികൂടുന്നതും. ഇതും വിചാരണയെ ബാധിച്ചു. കേസിന്റെ വിസ്താരം നീണ്ടുപോയ സാഹചര്യത്തിൽ   സമയ പരിധി കൂട്ടാൻ വിചാരണക്കോടതി ജഡ്ജ് ഹണി വർഗീസ്  വീണ്ടും സുപ്രീംകോടതിയെ സമീപിച്ചേക്കും.  

പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ പത്ത് ദിവസത്തെ വിസ്താരമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.  നടി മഞ്ജുവാര്യരുടെ  പുനർവിസ്താരം ഈ മാസം 16 ന് നടത്താനാണ് ഇപ്പോൾ കോടതി തീരുമാനിച്ചിരിക്കുന്നത്. മഞ്ജുവാര്യർക്ക് പുറമെ നിരവധി സാക്ഷികളുടെ വിസ്താരവും ക്രോസ് വിസ്താരവും കോടതിയിൽ നടക്കേണ്ടതായിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിൽ ഫിബ്രവരി മാസത്തിലും വിചാരണ പൂർത്തിയായേക്കില്ല. 

ഇത്രയധികം കേരളത്തെ പിടിച്ചുകുലുക്കിയ മറ്റൊരു കേസ് ഇല്ലെന്നു തന്നെ എന്ന് പറയാം. കേസിൽ ദിലീപിനെപ്പോലൊരു നടൻ ജാമ്യംപോലും കിട്ടാതെ ജയിലിൽ കഴിഞ്ഞ കേസ് കൂടിയാണ് ഇത്.  തുടർ അന്വേഷണത്തിൽ ദിലീപിന്റെ പേരിൽ പുതിയ കുറ്റങ്ങൾ വരുക മാത്രമല്ല സുഹൃത്ത് ശരത് കൂടി പ്രതിയാവുകയും ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ പൂർത്തിയാകുന്ന സമയത്താണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വരുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമം നടത്തി എന്ന ഗുരുതരമായ ആരോപണങ്ങൾ വന്നതോടെ കേസ് മറ്റൊരു രീതിയിലേക്ക് തിരിയുകയും അന്വേഷണം ശക്തമാവുകയും ചെയ്തു.   മഞ്ജുവാര്യർ, സാഗർ വിൻസന്റ്   ഉഉൾപ്പെടെയുള്ള  സാക്ഷികളുടെ   വിസ്താരമാണ് പൂർത്തിയാക്കാനുള്ളത്.   

കേസിലെ ഒന്നാംപ്രതിയായ പൾസർ സുനി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ അനിശ്ചിതമായി നീളുകയാണ്. ഇത്രയും കാലം  ജയിലിനുള്ളിലായിരുന്നു. ഈ സാഹചര്യം പരഗിണിച്ച് തനിക്ക് ജാമ്യം തരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റുള്ള പ്രതികൾക്കെല്ലാം ജാമ്യം കിട്ടിയ സാഹചര്യവും പ്രതി ചൂണ്ടിക്കാണിച്ചു. ഈ ഹർജി പരിഗണിച്ച കോടതി ഇത് സംബന്ധിച്ച വിശദാംശവും തേടിയിട്ടുണ്ട്.

Share this story