ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം: സസ്പെൻഷൻ നേരിട്ട ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സർവീസിൽ തിരികെയെടുത്തു

Ke

ഇടുക്കി: ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ സസ്പെൻഷനിലായിരുന്ന ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തു. ഇത് സംബന്ധിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അരുൺ ആർ എസാണ് ഉത്തരവിറക്കിയത്. ഉപ്പുതറ കണ്ണംപടി സ്വദേശി സരുൺ സജിയെ കള്ളക്കേസിൽ കുടുക്കി കസ്റ്റഡിയിൽ മർദ്ദിച്ച കേസില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥരാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.

ഇതോടെ, സസ്പെൻഷനിലായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരും സർവീസിൽ തിരികെ പ്രവേശിച്ചു. ഇതേ കേസിൽ സസ്പെൻഷൻ നേരിട്ട മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡനെ നേരത്തെ സർവീസിൽ തിരിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പാണ് കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തത്.

ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ച് കഴിഞ്ഞ സെപ്‌തംബർ 20നാണ് സരുൺ സജിയെ കിഴുക്കാനം ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻആർ ഷിജിരാജ്, വിസി ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ് വാച്ചർമാരായ കെടി ജയകുമാർ, കെഎൻ മോഹനൻ എന്നിവരെ സസ്‌പെൻഡ് ചെയ്തത്. വൈൽഡ് ലൈഫ് വാർഡൻ രാഹുലും കേസിലെ പ്രതിയാണ്.

Share this story