കോഴിക്കോട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിനെത്തിയ രണ്ട് കെ എസ് യു നേതാക്കൾ പിടിയിൽ

pinarayi

കോഴിക്കോട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ രണ്ട് കെ എസ് യു നേതാക്കളെ പോലീസ് കരുതൽ തടങ്കലിലാക്കി. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് വി ടി സൂരജ്, ബ്ലോക്ക് പ്രസിഡന്റ് രാഗിൻ എന്നിവരെയാണ് ഗസ്റ്റ് ഹൗസിന് സമീപത്ത് വെച്ച് പോലീസ് പിടികൂടിയത്. ഗവൺമെന്റ് ആർട്‌സ് കോളജിൽ മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ രണ്ട് വിദ്യാർഥികളുടെ കറുത്ത മാസ്‌ക് പോലീസ് അഴിപ്പിക്കുകയും ചെയ്തു

പിണറായിയിലെ വീട്ടിൽ നിന്നും പുറപ്പെട്ട മുഖ്യമന്ത്രിയെ കോഴിക്കോട് ഗസ്റ്റ് ഹൗസിന് സമീപം തടയാനായി കാത്തുനിൽക്കുകയായിരുന്ന രണ്ട് കെ. എസ് യു നേതാക്കളെ വെസ്റ്റ് ഹിൽ ചുങ്കത്ത് വെച്ചാണ് ടൗൺ പോലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് കരിങ്കൊടിയും കെ എസ് യു കൊടിയും പോലീസ് പിടിച്ചെടുത്തു. 

ആർട്‌സ് കോളജിൽ ജൈവ വൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി എത്തുന്നതിന് മുമ്പേയാണ് വിദ്യാർഥികളുടെ കറുത്ത മാസ്‌ക് അഴിപ്പിച്ചത്. എന്നാൽ കറുത്ത മാസ്‌കിനോ വസ്ത്രത്തിനോ വിലക്ക് ഏർപ്പെടുത്തിയിരുന്നില്ലെന്നും പ്രതിഷേധത്തിന്റെ രീതിയിൽ ഇത് അണിഞ്ഞ് വരരുതെന്നും അഭ്യർഥിക്കുകയാണ് ചെയ്തതെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
 

Share this story