തൊടുപുഴയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്നുവീണ് അപകടം: രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

തൊടുപ്പുഴ

തൊടുപുഴ: തൊടുപുഴ മുതലക്കോടത്ത് കെട്ടിടത്തിൽ നിന്ന് കോണ്‍ക്രീറ്റ് പാളി അടർന്നുവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. പഴയകെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വലിയ കോണ്‍ക്രീറ്റ് തൂണ് നിലം പതിച്ചപ്പോള്‍ രണ്ട് തൊഴിലാളികള്‍ ഇതിനിടയില്‍ പെടുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോതമംഗലം രൂപതയ്ക്ക് കീഴിലുള്ള സാന്‍ജോ ഭവന്‍ എന്ന കെട്ടിടത്തിൻ്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. കെട്ടിടം പഴകിയതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. വൈദികര്‍ ഇവിടെ താമസിച്ചിരുന്നുവെങ്കിലും കെട്ടിടം പൊളിച്ചു നീക്കുന്ന പണികള്‍ നടക്കുന്നതിനാല്‍ മാറിത്താമസിച്ചിരുന്നു. കെട്ടിടം പൂര്‍ണമായി പൊളിച്ചു നീക്കി പുതിയ കെട്ടിടം പണിയുന്നതിനാണ് കരാര്‍ നല്‍കിയത്.

30 വർഷം പഴക്കമുള്ള കെട്ടിടം പൊളിച്ചു നീക്കുന്നതിനിടയിലാണ് അപകടം നടന്നത്. അപകടം നടക്കുമ്പോള്‍ രണ്ടുപേര്‍ താഴെയും രണ്ടുപേര്‍ മുകളിലുമായിരുന്നു. ഇവരാണ് അപകടത്തില്‍ പെട്ടത്. ബാക്കിയുള്ളവര്‍ വെള്ളം കുടിക്കുന്നതിനായും മാറിയിരുന്നു. അപകടത്തിൽ കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. കളക്ടറുടെ നിർദ്ദേശപ്രകാരം തഹസിൽദാർ സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

Tags

Share this story