പാലക്കാട് രണ്ട് ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം; ഡ്രൈവർ വെന്തുമരിച്ചു

പാലക്കാട്

പാലക്കാട്: ജില്ലയിലെ മുണ്ടൂരിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ചതിനെ തുടർന്ന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. വ്യാഴാഴ്ച പുലർച്ചെ 5.30ന് കോഴിക്കോട്-പാലക്കാട് ഹൈവേയിൽ മുണ്ടൂരിലെ കാഞ്ഞിക്കുളം സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിന് മുൻപിലായിരുന്നു സംഭവം.

പാലക്കാട് ശ്രീകൃഷ്ണപുരം ആറ്റശ്ശേരി സ്വദേശി സി.പി. നസറുദ്ദീൻ (45) ആണ് മരിച്ചത്. മണ്ണാർക്കാട്ടേക്ക് പോവുകയായിരുന്ന നസറുദ്ദീൻ ഓടിച്ച ലോറിയും എതിർദിശയിൽനിന്ന് എത്തിയ കണ്ടെയ്‌നർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിക്ക് പിന്നാലെ വലിയ തീപിടിത്തമുണ്ടായി. നസറുദ്ദീനെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും തീ അതിവേഗം പടർന്നതിനാൽ സാധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ച ശേഷം നസറുദ്ദീനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവർ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. സംഭവത്തിൽ കണ്ടെയ്‌നർ ലോറി ഡ്രൈവർക്കെതിരേ കോങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം നസറുദ്ദീന്‍റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

Tags

Share this story