ലഹരി കേസിൽ നടപടി കടുപ്പിച്ചു: രണ്ട് അധ്യാപികമാരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു
എംഡിഎംഎ കേസിൽ പ്രതികളായതിനെത്തുടർന്ന് ലഹരി ഇടപാടിൽ ഉൾപ്പെട്ട രണ്ട് അധ്യാപികമാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കോഴിക്കോട് പേരാമ്പ്ര ബിആർസിക്കു കീഴിലെ താൽക്കാലിക കായിക അധ്യാപികയായ മരുതോങ്കര സ്വദേശി കെ.സി. കീർത്തന, ഓട്ടിസം സ്കൂളിലെ സ്പെഷ്യൽ എജ്യൂക്കേറ്ററായിരുന്ന കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെയാണ് സമഗ്ര ശിക്ഷാ അഭിയാൻ സംസ്ഥാന കോർഡിനേറ്ററുടെ ഉത്തരവ് പ്രകാരം സർവീസിൽ നിന്ന് നീക്കം ചെയ്തത്. ഓപ്പറേഷൻ തൂഫാൻ പരിശോധനയുടെ ഭാഗമായാണ് ഈ അധ്യാപികമാരെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കീർത്തനയെ ഈ മാസം 11-നും കാവ്യയെ കഴിഞ്ഞ ദിവസവുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അധ്യാപികയെന്ന സൽപേര് മറയാക്കിയാണ് കീർത്തന ലഹരിക്കച്ചവടം നടത്തിയിരുന്നത്. കീർത്തനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഹപ്രവർത്തകയും ഉറ്റ കൂട്ടുകാരിയുമായ കാവ്യയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് വടകര പൊലീസ് റിസ്വാൻ എന്നയാളെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് അധ്യാപികമാർ ഉൾപ്പെട്ട ലഹരി സംഘത്തെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കീർത്തനയുടെ അക്കൗണ്ട് വഴി പണം സ്വീകരിച്ചാണ് കച്ചവടം നടത്തുന്നതെന്ന് കണ്ടെത്തുകയായിരുന്നു.
എംഎ സൈക്കോളജിക്കാരരിയായ കാവ്യ 2016 മുതൽ ബിആർസിക്കു കീഴിലെ ചെറൂവാളൂർ സർക്കാർ എൽപി സ്കൂളിനോടു ചേർന്നുള്ള ഓട്ടിസം സ്കൂളിൽ സ്പെഷ്യൽ എജ്യൂക്കേറ്ററായി ജോലി ചെയ്തുവരികയായിരുന്നു. ആഴ്ചയിൽ മൂന്ന് ദിവസമായിരുന്നു കാവ്യയ്ക്ക് ജോലി ഉണ്ടായിരുന്നത്. എന്നാൽ അടുത്തിടെ ഇവർ വിലകൂടിയ ആഡംബര കാർ വാങ്ങിയിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന സഹോദരന്റെ വാഹനമാണെന്നായിരുന്നു ഇതിന് കാവ്യ നൽകിയ വിശദീകരണം. ലഹരി ഇടപാടുകൾക്കായി വളരെ ആസൂത്രിതമായ രീതിയാണ് ഇവർ നടപ്പിലാക്കിയിരുന്നത്.
