കാറിടിച്ച് രണ്ട് ചെറുപ്പക്കാര്‍ മരിച്ച സംഭവം; ജോസ് കെ. മാണിയുടെ മകനെ വൈദ്യപരിശോധനക്ക് വിധേയമാക്കിയില്ല: കേസ് അട്ടിമറിച്ചു

ജോസ് കെ മാണിയുടെ മകന്‍ കെ എം മാണി ജൂനിയര്‍ ഓടിച്ച ഇന്നോവാ കാറിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ വണ്ടിയോടിച്ചയാളെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കാതിരുന്നത് വിവാദമാവുന്നു. കെ എം മാണി ജൂണിയര്‍ ഓടിച്ച വാഹനമിടിച്ച് ശനിയാഴ്ചയാണ് രണ്ട് ചെറുപ്പക്കാര്‍ മരിച്ചത്. നിയമപ്രകാരം ഇടിച്ച വണ്ടിയുടെ ഡ്രൈവറെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കുകയാണ് വേണ്ടത്. മദ്യപിച്ചിട്ടുണ്ടോ വേറെ എതെങ്കിലും ലഹരിയുടെ പുറത്താണോ വണ്ടിയോടിച്ചത് എന്ന് സ്ഥീരീകരിക്കാനാണ് ഇത്. വൈദ്യപരിശോധന നടന്നില്ലങ്കില്‍ കേസ് അട്ടിമറിച്ചുവെന്ന് തന്നെയാണ് അര്‍ത്ഥം
എന്നാല്‍ ഇവിടെ പൊലീസ് വൈദ്യപരിശോധന തന്ത്രത്തില്‍ ഒഴിവാക്കുകയായിരുന്നു. ലഹരിയുടെ സ്വാധീനത്തിലാകാം വണ്ടിയോടിച്ചത് എന്ന സൂചന ദൃക്‌സാക്ഷികളില്‍ ചിലര്‍ നല്‍കിയിട്ട് പോലും പൊലീസ് അത് ഒഴിവാക്കിയതില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ലഹരി ഉപയോഗിച്ചിരുന്നില്ലങ്കില്‍ പിന്നെ എന്തിനാണ് വൈദ്യപരിശോധന ഒഴിവാക്കിയതെന്ന ചോദ്യത്തിന് പൊലീസിന് ഉത്തരമില്ല.
മണിമല ബി എസ് എന്‍ എല്‍ ഓഫീസിന് സമീപം വച്ചാണ് അപകടമുണ്ടായത്. കെ എം മാണി ജൂനിയര്‍ ഓടിച്ചിരുന്ന വാഹനം അമിതവേഗതയില്‍ വന്ന് നിയന്ത്രണം വിട്ട് മുന്ന് തവണറോഡില്‍ വെട്ടിത്തിരിഞ്ഞു. ആ സമയത്ത് പിറകേ വന്ന ബൈക്കിലുണ്ടായിരുന്ന രണ്ടു ചെറുപ്പക്കാര്‍ കാറിന്റെ പിന്‍ഭാഗത്ത് വന്നിടിക്കുകയായിരുന്നു. മണിമല സ്വദേശികളായ ജിന്‍സ് ജോണ്‍, ജിന്‍സിന്റെ സഹോദരന്‍ ജിസ് എന്നിവരാണ് മരിച്ചത്. അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ ഇവര്‍ മെഡിക്കല്‍ ഷോപ്പിലേക്ക് പോയപ്പോഴായിരുന്നു അപകടം. അപകടമുണ്ടായതിന് ശേഷം ആദ്യം തയാറാക്കിയ എഫ്ഐആറില്‍നിന്നും കെ എം മാണിയുടെ പേര്‍ ഒഴിവാക്കി ’45 വയസുള്ള’ ആളെന്നുമാത്രമാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരുന്നത്. പിന്നീട് അത് വിവാദമായപ്പോള്‍ ആണ് പേര് ചേര്‍ക്കുകയും അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തത്.