രണ്ടര വയസുകാരിയുടെ കൊലപാതകം: പിതാവ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി

fathima kalikavu

മലപ്പുറം കാളികാവിൽ രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി കാളികാവ് പൊലീസ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തു. കാളികാവ് ഉദിരംപൊയിൽ രണ്ട് വയസുകാരി മരിച്ചത് അതിക്രൂര മർദനത്തെ തുടർന്നാണെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്.

സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫാത്തിമ നസ്‌റീൻ എന്ന കുഞ്ഞിനെ പിതാവ് മുഹമ്മദ് ഫായിസ് മർദിച്ച സമയത്ത് ഇയാളുടെ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.

ഭാര്യയുമായുള്ള പ്രശ്‌നങ്ങളാണ് കുഞ്ഞിനെ മർദിക്കാൻ കാരണമെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്‌റിനെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. 

കുട്ടി മരിച്ചെന്ന് മനസിലായതിനെത്തുടർന്ന് ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. പോസ്റ്റ് മോർട്ടത്തിൽ കുട്ടി ക്രൂരമർദനത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു.

Share this story