ഭക്ഷ്യക്കിറ്റ് വിവാദത്തിന് പിന്നിൽ യുഡിഎഫും എൽഡിഎഫും; ആദിവാസികളെ അപമാനിക്കുന്നുവെന്ന് സുരേന്ദ്രൻ

K surendran

സുൽത്താൻ ബത്തേരിയിൽ വോട്ടർമാർക്ക് വിതരണം ചെയ്യാൻ എത്തിച്ച ഭക്ഷ്യക്കിറ്റുകൾ പിടികൂടിയ സംഭവത്തിൽ  പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ കെ. സുരേന്ദ്രൻ. ആദിവാസി സമൂഹത്തെ യു.ഡി.എഫും എൽ.ഡി.എഫും അപമാനിക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

യു.ഡി.എഫും എൽ.ഡി.എഫും മാപ്പ് പറയണം. 200 രൂപയുടെ കിറ്റ് കൊടുത്താൽ ആദിവാസി വോട്ട് ചെയ്യുമെന്നാണ് അർഥമാക്കുന്നത്. വ്യാജ പ്രചരണത്തിന് ആദിവാസികൾ തെരഞ്ഞെടുപ്പിൽ തക്കതായ മറുപടി നൽകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. രാഹുൽ ഗാന്ധി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പറഞ്ഞ് നടന്നവരുടെ ആത്മവിശ്വാസം തകർന്നിരിക്കുകയാണ്. യു.ഡി.എഫിനെതിരെ ശക്തമായ ജനവികാരം വയനാട്ടിലുണ്ട്. നിരാശയിൽ നിന്ന് ഉയർന്നതാണ് ആരോപണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് വയനാട് സുൽത്താൻ ബത്തേരിയിൽ അവശ്യ സാധനങ്ങളടങ്ങിയ 1500ഓളം ഭക്ഷ്യകിറ്റുകൾ പിടികൂടിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം കഴിഞ്ഞതിന് പിന്നാലെയാണ് ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നിൽ നിന്ന് കിറ്റുകൾ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Share this story