എറണാകുളം ജില്ലാ പഞ്ചായത്ത്‌ കടമക്കുടിയിലെ യു ഡി എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി ; മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ

UDF

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സൂക്ഷ്മ പരിശോധനയിൽ എറണാകുളത്ത് യുഡിഎഫിന് തിരിച്ചടി. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൽസി ജോർജിന്‍റെ പത്രികയാണ് തള്ളിപ്പോയത്. കടമക്കുടി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥി ആയിരുന്ന എൽസി പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാൻ കാരണം.

ഡിവിഷനിൽ യു ഡി എഫിന് ഡെമ്മി സ്ഥാനർഥിയും ഉണ്ടായിരുന്നില്ല. ഇതോടെ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാകും. എൽസിയെ നിര്‍ദേശിച്ച് പത്രികയിൽ ഒപ്പിട്ടത് ഡിവിഷന് പുറത്തുള്ള വോട്ടറാണ്. ഇവര്‍ നൽകിയ മൂന്ന് സെറ്റ് പത്രികകളിലും പുറമേ നിന്നുള്ള വോട്ടര്‍മാരാണ് നിര്‍ദേശിച്ചുകൊണ്ട് ഒപ്പിട്ടിരിക്കുന്നത്. ഇതാണ് പത്രിക തള്ളാൻ കാരണം.

അതേസമയം, തൃക്കാക്കര നഗരസഭയുടെ പന്ത്രണ്ടാം ഡിവിഷനിലെ സിപിഎം സ്ഥാനാർത്ഥി കെ കെ സന്തോഷിന്‍റെ പത്രികയും തള്ളി.സത്യപ്രസ്താവന ഒപ്പിടാത്തതിനെ തുടർന്നാണ് പത്രിക തള്ളിയത്. ഇവിടെ ഡമ്മിയായി പത്രിക നൽകിയ പ്രസാദ് ഔദ്യോഗിക സ്ഥാനാർഥിയാകും.

Tags

Share this story