യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടെന്ന് ചെയർമാനോട് ചോദിക്കണം: അടൂർ പ്രകാശ്
തിരുവനന്തപുരം: വീണ്ടും അതൃപ്തി പരസ്യമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടെന്ന് ചെയർമാനോട് ചോദിക്കണമെന്ന് അടൂർ പ്രകാശ്. അഭിപ്രായങ്ങൾ തുറന്നു പറയുകയാണ് താൻ ചെയ്തത്. അതേ അഭിപ്രായത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു. യുഡിഎഫ് കൺവീനർ എന്ന നിലയിൽ എല്ലാ കാര്യങ്ങളും എന്നെ അറിയിക്കണമെന്നില്ല. ക്യാബിനറ്റ് തീരുമാനങ്ങൾ ഇതെല്ലാം തന്നെ അറിയിക്കണ്ടെന്ന് അടൂർ പ്രകാശ് പറഞ്ഞു.
മാധ്യമങ്ങളിലൂടെയാണ് വിവരങ്ങൾ അറിയുന്നത് എന്ന സണ്ണി ജോസഫിന്റെ പ്രതികരണത്തിലും അദേഹം പ്രതികരിച്ചു. അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും മന്ത്രി എന്ന നിലയിൽ ആയിരിക്കും അദ്ദേഹം ആ അഭിപ്രായം പറഞ്ഞതെന്നും അടൂർ പ്രകാശ് പറഞ്ഞു. മന്ത്രിസഭയിൽ കൂട്ട് ഉത്തരവാദിത്വം ഉണ്ട് എന്നതിനുള്ള തെളിവാണ് പുറത്തുവരുന്നത്. ബോർഡ് കോർപ്പറേഷനിലെ അധ്യക്ഷ സ്ഥാനം അത്തരം കാര്യത്തിൽ തീരുമാനം വേഗത്തിൽ എടുക്കുമെന്ന് അടൂർ പ്രകാശ് പറഞ്ഞു.
കെപിസിസി അധ്യക്ഷൻ മന്ത്രിസഭയിൽ ഉള്ള ആളാകുമോ എന്ന കാര്യം എനിക്കറിയില്ല. ഉടൻ തീരുമാനം ഉണ്ടാകണം എന്നതാണ് തൻറെ അഭിപ്രായം. അത് എന്നത്തേക്ക് എന്ന് പറയാൻ അനുയോജ്യനല്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു. ഏതെങ്കിലും ഒരാൾ വരട്ടെ മാധ്യമങ്ങൾ വിഷമിക്കേണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും ഒടുവിൽ ഓൺലൈൻ യോഗം ചേർന്നത് ഒഴിച്ചാൽ പിന്നീട് ഒരു കൂടിയാലോചനയും യുഡിഎഫിൽ നടന്നില്ല. വിവാദ വിഷയങ്ങളിൽ സർക്കാർ പ്രതിരോധത്തിൽ ആകുമ്പോൾ പാർട്ടിക്ക് ഇടപെടാൻ കഴിയാത്തതും പ്രവർത്തകർക്കിടയിൽ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. മന്ത്രി എന്ന നിലയിലും കെപിസിസി അധ്യക്ഷനെന്ന നിലയിലും സണ്ണി ജോസഫിന്റെ പ്രവർത്തനത്തിൽ ഒരു വിഭാഗം പ്രവർത്തകർക്കും നേതാക്കൾക്കും ഭിന്നതയുണ്ട്. പരസ്യ പ്രതികരണം പാടില്ലെന്ന മുന്നറിയിപ്പ് നേതൃത്വം നൽകിയിട്ടുണ്ടെങ്കിലും തീരുമാനം അനന്തമായി നീണ്ടു പോയാൽ വലിയ പൊട്ടിത്തെറികൾ ഒരുപക്ഷേ യുഡിഎഫിനുള്ളിൽ ഉണ്ടായേക്കാം.
