കോട്ടാങ്ങൽ പഞ്ചായത്തിൽ എസ് ഡി പി ഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്; ജയിച്ച പ്രസിഡന്റ് രാജിവെച്ചു

sdpi

പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ എസ് ഡി പി ഐയുടെ പിന്തുണ തള്ളി യുഡിഎഫ്. തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രസിഡന്റ് കെ വി ശ്രീദേവി പിന്നാലെ രാജിവെച്ചു. ബിജെപിയെ ഒഴിവാക്കാനാണ് പിന്തുണ നൽകുന്നതെന്ന് എസ് ഡി പി ഐ അറിയിച്ചിരുന്നു. എന്നാൽ എസ് ഡി പി ഐ പിന്തുണയിൽ അധികാരം വേണ്ടെന്നാണ് യുഡിഎഫ് നിലപാട്

യുഡിഎഫിനും ബിജെപിക്കും അഞ്ച് വീതം അംഗങ്ങളുള്ള പഞ്ചായത്തിൽ എസ് ഡി പി ഐക്ക് മൂന്ന് പ്രതിനിധികളാണ് ഉള്ളത്. എൽഡിഎഫിന് ഒരു പ്രതിനിധിയുണ്ട്. കഴിഞ്ഞ തവണ എസ് ഡി പി ഐ പിന്തുണയിൽ എൽ ഡി എഫാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്

അതേസമയം, തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് നാടകീയ രംഗങ്ങൾ. യുഡിഎഫിന്റെ എട്ട് വാർഡ് അംഗങ്ങൾ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. മറ്റത്തൂർ പഞ്ചായത്തിൽ എൽഡിഎഫിന്റെ 10 അംഗങ്ങളും യുഡിഎഫിന് എട്ട് അംഗങ്ങളും രണ്ട് കോൺഗ്രസ് വിമതരുമാണ് ജയിച്ചത്.

വിമതരെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് എട്ട് അംഗങ്ങൾ കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. പാർട്ടി നേതൃത്വം മറ്റത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയോടും പ്രവർത്തകരോടും കാണിച്ച നീതികേടിൽ രാജിവെക്കുന്നുവെന്നാണ് ഇവർ പറയുന്നത്

മിനിമോൾ, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, ലിന്റോ പള്ളിപ്പറമ്പൻ, സിജി രാജേഷ്, സിബി പൗലോസ്, നൂർജഹാൻ നവാസ് എന്നിവരാണ് രാജിവെച്ചത്.
 

Tags

Share this story