യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകം, കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ തന്നെ: ജോസ് കെ മാണി
Jan 16, 2026, 14:54 IST
യുഡിഎഫ് പ്രവേശനം പാടെ തള്ളി കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഇന്നത്തെ യോഗത്തിൽ അതൊന്നും ചർച്ചയാകില്ല. അജണ്ടയിൽ ഇല്ലാത്ത വിഷയമാണെന്നും ജോസ് കെ മാണി പറഞ്ഞു. മാധ്യമങ്ങളല്ല അജണ്ട നിശ്ചയിക്കുന്നത്. യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണ്.
ആരെങ്കിലും ആ പുസ്തകം തുറന്നുവെങ്കിൽ വായിച്ച് കഴിഞ്ഞ് അടച്ചുവെച്ചോളും. കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ തന്നെയാണ്. എൽഡിഎഫിന്റെ മേഖലാ ജാഥാ ഒരുക്കങ്ങളടക്കം ഇന്ന് യോഗം ചർച്ച ചെയ്യുമെന്നും ജോസ് കെ മാണി പറഞ്ഞു
കേരളാ കോൺഗ്രസിൽ ഭിന്നതയില്ലെന്ന് നേതാക്കളും പ്രതികരിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ള നേതാക്കളാണ് പ്രതികരിച്ചത്. പാർട്ടിയുടെ ഔദ്യോഗിക തീരുമാനം ചെയർമാൻ ജോസ് കെ മാണി തന്നെ പറഞ്ഞിട്ടുണ്ടെന്നും പാർട്ടിയുടെ വളർച്ചയിൽ അസൂയ ഉള്ളവരാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും നേതാക്കൾ പറഞ്ഞു
