യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങളോ കടുത്ത സാമ്പത്തിക നിയന്ത്രണമോ: ഉറ്റുനോക്കി കേരളം

ബഡ്ജറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിന് ശേഷം അധികാരത്തിലേറിയ പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക് നിയമസഭയിൽ അവതരിപ്പിക്കും. മുഖ്യമന്ത്രിയുടെ അധികച്ചുമതലയായ ധനവകുപ്പ് കൈകാര്യം ചെയ്യുന്ന വി.ഡി. സതീശനാണ് ബജറ്റ് സഭയിൽ സമർപ്പിക്കുക. ആർ. ശങ്കർ, ഉമ്മൻ ചാണ്ടി എന്നിവർക്ക് ശേഷം ധനമന്ത്രിയായി ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോൺഗ്രസ് മുഖ്യമന്ത്രിയെന്ന റെക്കോർഡും ഇതോടെ വി.ഡി. സതീശന് സ്വന്തമാകും.

കഴിഞ്ഞ ജനുവരിയിൽ എൽ.ഡി.എഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിന് പകരമുള്ള പരിഷ്കരിച്ച (Revised) പൂർണ്ണ ബജറ്റാണ് നാളെ വരുന്നത്. നിലവിലെ കടുത്ത ധനപ്രതിസന്ധിയെക്കുറിച്ചുള്ള ധവളപത്രം സർക്കാർ കഴിഞ്ഞ ദിവസം സഭയിൽ വെച്ചിരുന്നു. അതിനാൽ തന്നെ കർശനമായ സാമ്പത്തിക നിയന്ത്രണങ്ങൾക്കൊപ്പം തന്നെ ജനപ്രിയ പ്രഖ്യാപനങ്ങളും സന്തുലിതമായി കൊണ്ടുപോകുക എന്ന വലിയ വെല്ലുവിളിയാണ് പുതിയ സർക്കാരിന് മുന്നിലുള്ളത്.

കേരളത്തെ ഒരു 'പോർട്ട് ആൻഡ് ഏവിയേഷൻ ഹബ്ബ്' (തുറമുഖ-വ്യോമയാന കേന്ദ്രം) ആക്കി മാറ്റാനുള്ള വൻകിട പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു.

സാധാരണക്കാർ ഏറെ ഉറ്റുനോക്കുന്ന സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷനുകൾ 3000 രൂപയിലേക്ക് ഉയർത്തുന്നത് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ഇന്നുണ്ടായേക്കും.

ഉന്നതവിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിനും ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റിൽ പ്രത്യേക ഊന്നൽ നൽകിയേക്കും.

വരുമാനം വർധിപ്പിക്കുന്നതിനായി നികുതി പിരിവ് ശക്തമാക്കാനും ജി.എസ്.ടി ചോർച്ച തടയാനുമുള്ള കർശന നടപടികൾ ബജറ്റിന്റെ ഭാഗമാകും. കെ.ഐ.ഐ.എഫ്.ബി (KIIFB) ഘടനയിൽ വരുത്തേണ്ട മാറ്റങ്ങളും ബജറ്റിൽ പ്രതിഫലിച്ചേക്കാം.

ധനപ്രതിസന്ധിയുടെ നടുവിലും സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്ന വികസന കാഴ്ചപ്പാടുകളാണ് ബജറ്റിലുണ്ടാവുകയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന ബജറ്റ് പ്രസംഗത്തിലൂടെ കേരളത്തിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പുതിയ വികസന രേഖ വ്യക്തമാകും.

Tags

Share this story