ബജറ്റ് നിരാശാജനകമെന്ന് യുഡിഎഫ് എംപിമാർ; ചില നല്ല കാര്യങ്ങളുണ്ടെന്ന് തരൂർ

tharoor

ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ എംപിമാർ രംഗത്ത്. ബജറ്റ് തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. നികുതി ഘടന സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്. വിലക്കയറ്റം നിയന്ത്രിക്കാൻ ഒരു നടപടിയുമില്ല. തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രഖ്യാപനമില്ല. അസംസ്‌കൃത റബറിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചത് റബർ കർഷകർക്ക് ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു

നിരാശയുണ്ടാക്കുന്ന ബജറ്റ് എന്നായിരുന്നു മുസ്ലിം ലീഗ് എംപി ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക പദ്ധതികളില്ല. തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വർധിപ്പിച്ചിട്ടില്ല. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് നടപടിയില്ലെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. ന്യൂനപക്ഷങ്ങളെ കുറിച്ച് മൗനം പാലിക്കുകയാണെന്നായിരുന്നു അബ്ദുസമദ് സമദാനിയുടെ വിമർശനം. യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർഥികൾക്കായി പ്രത്യേക പദ്ധതിയില്ലെന്നും അദ്ദേഹം വിമർശിച്ചു

എന്നാൽ ബജറ്റിൽ ചില നല്ല കാര്യങ്ങളുണ്ടെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. എന്നാൽ തൊഴിലുറപ്പ് പദ്ധതിയെ പറ്റിയോ ഗ്രാമങ്ങളിലെ തൊഴിലില്ലായ്മയെ പറ്റിയോ വിലക്കയറ്റത്തെ പറ്റിയോ ബജറ്റിൽ പരാമർശങ്ങളില്ല. ചില അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്നും തരൂർ വിമർശിച്ചു.
 

Share this story