പുറമറ്റം പഞ്ചായത്തിൽ എൽഡിഎഫ് പിന്തുണയിൽ യുഡിഎഫ് വിമത പ്രസിഡന്റായി; പിജെ കുര്യനെതിരെ വിമർശനം

PJ Kurien

പത്തനംതിട്ട പുറമറ്റം പഞ്ചായത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോൺഗ്രസിന് ഭരണം നഷ്ടമായി. എൽഡിഎഫിന്റെ പിന്തുണയിൽ യുഡിഎഫ് വിമതയാണ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമാകാൻ കാരണം മുതിർന്ന നേതാവായ പിജെ കുര്യന്റെ പിടിവാശി കൊണ്ടാണെന്നാണ് ആരോപണം

യുഡിഎഫ് വിമത റെനി സനലാണ് ഇന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പിജെ കുര്യന്റെ സ്വന്തം പഞ്ചായത്താണിത്. ഭരണം ഇടത് മുന്നണിക്ക് നേടിക്കൊടുക്കാൻ കാരണം പിജെ കുര്യന്റെ പിടിവാശിയാണെന്ന് റെനി സനും ഭർത്താവ് സനൽകുമാറും ആരോപിച്ചു. ജില്ലയിലെ കോൺഗ്രസിനെ നശിപ്പിക്കുന്നത് പിജെ കുര്യനാണെന്നും ഇവർ കുറ്റപ്പെടുത്തി

പഞ്ചായത്തിൽ ഏഴ് സീറ്റാണ് യുഡിഎഫിന് ഉണ്ടായിരുന്നത്. എൽഡിഎഫിന് അഞ്ച് സീറ്റും ലഭിച്ചു. രണ്ട് സ്വതന്ത്രരെ എൽഡിഎഫ് ഒപ്പം നിർത്തി. വിമതരായി ജയിച്ച സനലിന്റെയും റെനിയുടെയും പിന്തുണ വേണ്ടെന്ന് പിജെ കുര്യന്റെ വാശിയെ തുടർന്ന് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. നറുക്കെടുപ്പിലാണ് റെനി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌
 

Tags

Share this story