ഏപ്രിൽ ഒന്നിന് യുഡിഎഫ് കരിദിനം ആചരിക്കും; സെക്രട്ടേറിയറ്റ് വളയൽ സമരവും പ്രഖ്യാപിച്ചു
Mar 22, 2023, 12:36 IST

ഏപ്രിൽ ഒന്നിന് സംസ്ഥാന വ്യാപകമായി യുഡിഎഫ് കരിദിനം ആചരിക്കും. മുഴുവൻ പഞ്ചായത്തിലും പകൽസമയത്ത് പന്തം കൊളുത്തി പ്രതിഷേധിക്കാൻ യുഡിഎഫ് കൺവീനർ എംഎം ഹസൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ച് കറുത്ത കൊടി ഉയർത്തും. സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളയിൽ പ്രതിഷേധിച്ചാണ് കരിദിനാചരണമെന്ന് യുഡിഎഫ് അറിയിച്ചു.
ഇടതു സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ സെക്രട്ടറിയേറ്റ് വളയൽ സമരം നടത്താനും യുഡിഎഫ് യോഗം തീരുമാനിച്ചു. മേയ് മാസത്തിലാണ് സർക്കാരിന്റെ രണ്ടാം വാർഷികം. ആഘോഷ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹത്തേയും ഭരണ പരാജയത്തേയും കുറിച്ച് കുറ്റപത്രം സമർപ്പിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് വളയാനാണ് തീരുമാനം.