ഭരണഘടനാ വിരുദ്ധ പ്രസംഗം; പൊലീസിന് തിരിച്ചടി: സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് മടക്കി

Saji Cheriyan

തിരുവനന്തപുരം: സജി ചെറിയാന് 'ക്ലീന്‍ ചിറ്റ്' നല്‍കി അന്വേഷണം അവസാനിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമത്തിന് തിരിച്ചടി. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിലെ കേസില്‍ മന്ത്രി സജി ചെറിയാന് അനുകൂലമായ റിപ്പോര്‍ട്ടാണ് മടക്കിയത്. ക്രൈം ബ്രാഞ്ച് മേധാവിയാണ് അന്വേഷണം അവസാനിപ്പിക്കണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയത്. തെളിവുകള്‍ ശേഖരിക്കാത്തതില്‍ അന്വേഷണ സംഘത്തെ വിമര്‍ശിക്കുകയും ചെയ്തു.

പ്രസംഗം ലൈവ് ചെയ്ത ഫോണും അക്കൗണ്ടും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അക്കൗണ്ട് കണ്ടെത്താന്‍ സൈബര്‍ സഹായം തേടാത്തത് എന്താണെന്ന് ക്രൈം ബ്രാഞ്ച് മേധാവി ചോദിച്ചു. തെളിവുകള്‍ ശേഖരിക്കണമെന്നും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

പത്തനംതിട്ട മല്ലപ്പള്ളിയില്‍ വച്ച് നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്ന് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. ഭരണഘടനയെ അധിക്ഷേപിച്ചുവെന്ന ഗുരുതര ആരോപണമാണ് സജി ചെറിയാനെതിരെ ഉയര്‍ന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ ഗുരുതര പിഴവുകളുണ്ടെന്നും തെളിവുകള്‍ കൃത്യമായി ശേഖരിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ക്രൈം ബ്രാഞ്ച് മേധാവി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് അംഗീകരിക്കാതെ മടക്കിയത്. ഇതോടെ കേസില്‍ വീണ്ടും അന്വേഷണം നടത്തേണ്ടി വരും.

കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചതാണ് സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം. 2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാദ പ്രസംഗം. കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു വിവാദ പ്രസംഗത്തിന്റെ ഭാഗം. പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങള്‍ എന്തുദ്ദേശിച്ചാണെന്ന് ഹൈക്കോടതി നേരത്തേ ചോദിച്ചിരുന്നു. പരാമര്‍ശങ്ങള്‍ ഭരണഘടനയെ അവഹേളിക്കുന്നതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും ഹൈക്കോടതി ആരാഞ്ഞിരുന്നു.

സജി ചെറിയാന്‍ അന്ന് പറഞ്ഞത്;

'മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും'.

ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിൻ്റെ ഉദ്ദേശ്യം… തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യൻ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളർന്ന് വരാൻ കാരണം ഇന്ത്യൻ ഭരണഘടന അവർക്ക് നൽകുന്ന പരിരക്ഷയാണ്. അവർക്കെതിരെ എത്രപേർക്ക് സമരം ചെയ്യാൻ പറ്റും.


കോടതിയും, പാർലമെൻ്റുമെല്ലാം മുതലാളിമാർക്കൊപ്പമാണ്. മുതലാളിമാർക്ക് അനുകൂലമായി മോദി സർക്കാരിനെ പോലുള്ളവർ തീരുമാനമെടുക്കുന്നതും പ്രവർത്തിക്കുന്നതും ഇന്ത്യൻ ഭരണഘടന അവർക്കൊപ്പമാണ് എന്നതിൻ്റെ തെളിവാണ്.

Tags

Share this story