ബിജെപിയുടെ കീഴിൽ രാജ്യം അതിവേഗം വികസനത്തിലേക്ക് കുതിക്കുന്നു, കേരളം കിതയ്ക്കുന്നു: സുരേന്ദ്രൻ

K Surendran

രാജ്യം അതിവേഗം വികസനത്തിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും നീങ്ങുമ്പോൾ കേരളം രാജ്യത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമായി മാറുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പാർട്ടി ജില്ലാ കമ്മിറ്റി യോഗം പട്ടിക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ട് വർഷം കൊണ്ട് ബിജെപി ഭരണത്തിൽ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു

ദാരിദ്ര്യ നിരക്ക് കുറഞ്ഞു. പട്ടിണി പൂർണമായും ഇല്ലാതായി. എന്നാൽ ഇടതുഭരണത്തിൽ കേരളം കിതയ്ക്കുകയാണ്. വ്യവസായ രംഗത്തും കാർഷിക മേഖലയിലും വിദ്യാഭ്യാസ രംഗത്തും കേരളം തകർച്ചയെ നേരിടുകയാണ്. കൃഷി നിലച്ചു. സംരംഭകർ നിരാശയിലാണ്. കടം വാങ്ങി ധൂർത്തടിക്കുന്ന സംസ്ഥാനമായി കേരളം മാറി. ഒരു രൂപയുടെ നികുതി ബാധ്യത പോലുമില്ലാതെയാണ് കേന്ദ്രം ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ എല്ലാ മേഖലയിലും നികുതിയുടെ അധിക ഭാരം അടിച്ചേൽപ്പിക്കുകയാണ് സംസ്ഥാന സർക്കാരെന്നും സുരേന്ദ്രൻ പറഞ്ഞു.
 

Share this story